| Sunday, 6th October 2024, 2:41 pm

പോളിടെക്നിക്കിൽ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി റിപ്പോർട്ടർക്ക് നേരെ പൊലീസ് മർദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മട്ടന്നൂർ: പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകന് പൊലീസ് മർദനം. ദേശാഭിമാനി പത്രത്തിന്റെ ഏരിയ ലേഖകനായ ശരത് പുതുക്കിടിക്കാണ് പൊലീസിന്റെ മർദനമേറ്റത്. ശരത് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

3:45ഓടെ ലേഖകന് സംഭവസ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് 4.45 കഴിഞ്ഞതോടെ എസ്.എഫ്.ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരികയും ചെയ്തു. തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്.എഫ്.ഐയുടെ പ്രകടനം നടക്കുകയും പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘർഷം ഉടലെടുക്കുകയും ചെയ്തു.

പിന്നാലെ പൊലീസ് ലാത്തി വീശുകയും വിദ്യാർത്ഥികളെ തള്ളുകയും ചെയ്തു. ശരത് ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഉടനെ പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങി വന്ന എസ്.ഐ ഉന്തും തള്ളിനുമിടയിൽ തന്റെ നെറ്റിയിൽ ആരുടെയോ നഖം കൊണ്ട് കൊറിയ മുറിവിന് കാരണം ശരത് ആണെന്ന് ആരോപിച്ചു. ശരത് എസ്.ഐയുടെ പേര് ഫോണിൽ രേഖപ്പെടുത്തിയത് കണ്ടതിന് പിന്നാലെയായിരുന്നു ഇത്.

താൻ വാർത്ത റിപ്പോർട്ടർ ആണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ശരത് പറഞ്ഞു.

‘ഞാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനിയിൽ ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധി വിട്ടപ്പോള്‍ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മർദനം. കോണ്‍സ്റ്റബിൾ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞു,’ ശരത് പറഞ്ഞു.

പിന്നാലെ പാർട്ടി അംഗങ്ങൾ ബസ് തടഞ്ഞ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കുകയും മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സി.പി.ഐ.എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലിനും ഒപ്പം മർദനമേറ്റിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെ.എസ്‌.യു-എ.ബി.വി.പി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചെന്നും ശരത് പറഞ്ഞു.

Content Highlight: Police beat up reporter who came to report on election celebrations at Polytechnic

We use cookies to give you the best possible experience. Learn more