ഭുവനേശ്വര്‍: ജബല്‍പൂരിന് പിന്നാലെ ഒഡീഷയിലും വൈദികന് നേരെ മര്‍ദനം. ബെഹരാംപൂര്‍ ലത്തീന്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദര്‍ ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് വൈദികനെ മര്‍ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തെ ഗ്രാമത്തില്‍ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനയ്ക്കായിരുന്നു പൊലീസ് എത്തിയത്. പിന്നാലെ പൊലീസ് പള്ളിയില്‍ കയറി വൈദികനെ മര്‍ദിക്കുകയായിരുന്നു. രണ്ട് പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ജൂബയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇടവകയില്‍ മാര്‍ച്ച് 22നാണ് സംഭവം നടന്നത്. ഇടവക വികാരി ഫാദര്‍ ജോഷി ജോര്‍ജിന്റെ അഭിമുഖം ഒഡിയ ചാനലായ സമര്‍ത്ഥ ന്യൂസ് പ്രസിദ്ധീകരിച്ചതോടെയാണ് പത്ത് ദിവസത്തിലേറെയായ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.
ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് പള്ളിയില്‍ കയറി സ്ഥലത്തുണ്ടായിരുന്നുവരെയെല്ലാം മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന ഏതാനും പെണ്‍കുട്ടികളെ പൊലീസ് സംഘം മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മാര്‍ച്ച് 31നാണ് മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കും മര്‍ദനമേറ്റത്.
മാണ്ട്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലിയുടെ ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.
ഈ സമയം ബജ്രംഗ്ദള്‍ സംഘം തടഞ്ഞുനിര്‍ത്തി വിശ്വാസികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടഞ്ഞുനിര്‍ത്തിവിശ്വാസികളെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് ബജ്രംഗ്ദള്‍ സംഘം കൊണ്ടുപോയി.
തുടര്‍ന്ന് ഇവരെ സഹായിക്കാനെത്തിയതാണ് ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസും രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജും. എന്നാല്‍ വൈദികര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ട് വൈകുന്നേരം അഞ്ച് മണിയോടെ പുരോഹിതന്മാരെയും തീര്‍ത്ഥാടകരെയും മോചിപ്പിച്ച് മാണ്ട്ലയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
Content Highlight: Police barge into church in Odisha; Priest and others beaten up