ചെന്നൈ: മോദി എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചതിന് സംവിധായകന്‍ പാ രഞ്ജിത്ത് നേതൃത്വം നല്‍കുന്ന കാസ്റ്റ് ലെസ് കലക്ടീവ് അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിക്ക് വിലക്ക്. ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസന്ത് നഗര്‍ ബീച്ചില്‍ നടത്തിയ പരിപാടിയാണ് പൊലീസ് തടഞ്ഞത്.
ഇന്നലെ രാത്രിയായിരുന്നു പരിപാടി. ഒരു പാട്ടില്‍ നിരവധി തവണ മോദിയെന്ന വാക്ക് ഉപയോഗിച്ചു. ഇതോടെ പരിപാടി രാഷ്ട്രീയമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും രാഷ്ട്രീയപരിപാടിയാക്കി മാറ്റിയതിനാലാണ് ഇടപെട്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നിലവിലെ രാജ്യത്തിന്റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.
മോദി ചിലപ്പോള്‍ തട്ടിപ്പ് നടത്തിയ നീരവ് മോദി, ലളിത് മോദി എന്നിവരാകാമെന്നും സംഘാടകര്‍ സി.എന്‍.എന്നിനോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നും കാസ്റ്റ് ലെസ് കലക്ടീവ് പറഞ്ഞു.
ഇന്നലെ, മധുരയില്‍ എയിംസിന് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതു തമിഴന്റെ മണ്ണാണെന്നും തമിഴര്‍ ഹിന്ദുക്കളല്ലെന്നും പ്രധിഷേധക്കാര്‍ പറഞ്ഞിരുന്നു. ട്വിറ്ററില്‍ ഗോ ബാക്ക് മോദി കാംപയിന്‍ ട്രന്‍ഡിംങിലുമെത്തി. ഇതിന് പിന്നാലെയാണ് സംഗീതപരിപാടി നടത്തിയത്.