[]കൊച്ചി: മാല മോഷ്ടിച്ചുവെന്നാരോപിച്ച് യുവതിക്ക് പോലീസുകാരുടെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ പ്രതിഷേധിച്ച് ചേരനല്ലൂരില്‍ സംയുക്ത സമരസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
കഴിഞ്ഞ മാസം 23നാണ് സംഭവം. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 27കാരിയായ ലീബ എന്ന യുവതിയെയാണ് മാല മോഷ്ടിച്ചുവെന്നാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. മണിക്കൂറോളം ക്രൂരമായ മര്‍ദ്ദനമുറയ്ക്ക് വിധേയമായമായ യുവതിയുടെ കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്തു.
എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിച്ചതായി യുവതി പറയുന്നു. വനിതാ പോലീസിന്റെ അസാന്നിദ്ധ്യത്തിലും മര്‍ദ്ദനം തുടര്‍ന്നു. അറസ്റ്റ് ചെയ്ത് 34 മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
നട്ടെല്ലിന് പരിക്കേറ്റ യുവതി കഴിഞ്ഞ 17 ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിന് സാരമായി പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം ഡോക്ടറുടെ മകന്‍ അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതികരിച്ചതിനാണ് യുവതിക്കെതിരെ വ്യാജ മോഷണക്കുറ്റം ചുമത്തിയെതെന്ന് സമിതി ആരോപിക്കുന്നു. ഡോക്ടറുടെ കാറില്‍ യുവതിയ സ്‌റ്റേഷനിലിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സമിതി പറയുന്നു.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഐ.ജിക്കും കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.
യുവതിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസുകാര്‍ക്കും പരാതി നല്‍കിയ ഡോക്ടര്‍ക്കും ഉന്നതങ്ങളില്‍ സ്വാധീനമുള്ളതിനാല്‍ നടപടികളൊന്നും ഉണ്ടാവുന്നില്ലായെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. പരാതി നല്‍കിയ ഡോക്ടര്‍ ഒളിവിലാണ്.