| Wednesday, 10th June 2015, 12:40 am

പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഹാല്‍ഡിപ്പാടയിലെ ഒരു കൂട്ടം ചേരി നിവാസികള്‍ പോലീസുകാരെ മര്‍ദ്ദിച്ചു. ലക്ഷ്മിസാഗര്‍ പോലീസ്‌റ്റേഷനിലെ പോസീസുകാരെയാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് രജത് റേ, എസ്.ഐ അശോക് ഹന്‍സ്ഡ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം.

ചേരിയില്‍ താമസിക്കുന്ന വിവാഹിതനായ സന്തോഷ് ജെന എന്നയാള്‍ ചേരിയിലെ തന്നെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പരാതിയുമായി കുട്ടിയുടെ രക്ഷിതാക്കള്‍ ലക്ഷ്മിസാഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നെങ്കിലും പോലീസുകാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല.

അതേസമയം സന്തോഷ് തന്റെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എത്തിയ പോലീസുകാരെയാണ് ചേരിനിവാസികള്‍ മര്‍ദ്ദിച്ചത്. സാഹചര്യം മോശമായപ്പോള്‍ ജനങ്ങള്‍ പോലീസുകാരെ ഓവുചാലില്‍ തള്ളുകയാണുണ്ടായത്. സംഭവത്തില്‍ പോസീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവം നിയന്ത്രണ വിധേയമാണെന്ന് പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും 25 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more