കോഴിക്കോട്: കൂട്ടം കൂടിയെന്നാരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചോടിച്ചതായി പരാതി. കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചേവായൂര്‍ പൊലീസാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ഹെല്‍ത്ത് സെന്ററിലേക്ക് പോവുന്ന വഴിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.
സ്‌കൂളിലെ അവസാന ദിവസം ആഘോഷിക്കാനായി ഒത്തു കൂടിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയിലേക്ക് പാഞ്ഞു വന്ന പൊലീസ് ലാത്തിയെടുത്ത് വിദ്യാര്‍ത്ഥികളെ തല്ലുകയായിരുന്നു.
ആദ്യ തവണ അടിച്ചതിന് ശേഷം മടങ്ങി പോയ പൊലീസ് തിരിച്ച് വന്ന് വിദ്യാര്‍ത്ഥികളെ വീണ്ടും അടിച്ചതായും പരാതിയുണ്ട്. രണ്ടാമതുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വണ്ടിയില്‍ നിന്നിറങ്ങി വന്ന പൊലീസുകാരന്‍ ലാത്തിയെടുത്ത് വഴിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയടക്കം തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പെണ്‍കുട്ടികള്‍ അടക്കമുള്ള മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം. വിദ്യാര്‍ത്ഥികളുടെ കൈക്കും കാലിനും അടികിട്ടിയിട്ടുണ്ട്. പരിക്കിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അതിനിടെ ആളൊഴിഞ്ഞ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ അനുവാദമില്ലാതെ കയറിയതാണ് ലാത്തി വീശാന്‍ കാരണമെന്ന ആരോപണവും ഇതിനിടയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എങ്കിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ നടുറോഡില്‍ പരസ്യമായി തല്ലിച്ചതച്ച പൊലീസിന്റെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ചേവായൂര്‍ പൊലീസ് തയ്യാറായില്ല. ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
Content highlight: Police attack students in calicut