| Friday, 21st April 2017, 10:25 am

ജയസൂര്യയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സിനിമാ സംവിധായകന്‍ എസ്.എല്‍ പുരം ജയസൂര്യയെ കാറില്‍ നിന്നു പിടിച്ചിറക്കി പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി.

മുഖത്ത് അടിയേറ്റ ജയസൂര്യ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചേര്‍ത്തല ഡി.വൈ.എസ്.പിക്കും പരാതി നല്‍കുകയും ചെയ്തു. പ്രസിദ്ധ തിരക്കഥാകൃത്ത് എസ്.എല്‍ പുരം സദാനന്ദന്റെ മകനാണ് ജയസൂര്യ.

  ദേശീയപാതയില്‍ എരമല്ലൂര്‍ ജംങ്ഷന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇവിടെ സിഗ്നല്‍ പോയിന്റില്‍ കാത്തുകിടക്കുകയായിരുന്നു ജയസൂര്യയുടെ കാര്‍. സിഗ്നല്‍ ലഭിച്ചു കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ പിന്നില്‍ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം വിട്ട് അരികിലൂടെ വന്ന ബൈക്കില്‍ തട്ടി യാത്രക്കാരന്‍ മറിഞ്ഞുവീഴുകയുമായിരുന്നെന്നും പറയുന്നു.

ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോര്‍ തുറന്ന് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയായിരുന്നുവെന്നുമാണ് പരാതി.


Dont Miss മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല; കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യൂമന്ത്രി


ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അമ്മയും ഭാര്യയും രണ്ടുമക്കളും കാണ്‍കെയായിരുന്നു മര്‍ദ്ദനമെന്നും പരാതിയില്‍ പറയുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയശേഷമായിരുന്നു വിട്ടയച്ചത്.

തുടര്‍ന്ന് ഇവര്‍ ക്ഷേത്രദര്‍ശനത്തിന് പോകാതെ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ജയസൂര്യയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി ആര്‍ റസ്റ്റം പറഞ്ഞു.

അതേസമയം ജയസൂര്യയുടെ വാഹനം ഇടതുവശത്തുകൂടി മറ്റൊരു വാഹനത്തെ മറികടന്നെന്നും ഇതിനിടെ ബൈക്ക് ഇടിച്ചിട്ടെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

We use cookies to give you the best possible experience. Learn more