| Friday, 19th April 2019, 3:21 pm

എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഇന്റര്‍സെക്സ് വ്യക്തിയുമായ അശ്വതി രാജപ്പന് പൊലീസില്‍ നിന്നും നേരിടേണ്ടി വന്നത്

അനുശ്രീ

എറണാകുളം: ‘പക്ഷെ കറുത്ത തൊലി കണ്ട് അയാല്‍ കള്ളനാണെന്നും ക്രിമിനലാണെന്നും ജഡ്ജ് ചെയ്യുന്ന ഫസ്റ്റ് ഇംപ്രഷന്‍ ഉണ്ടല്ലോ? എന്തുകൊണ്ടാണ് കറുത്ത തൊലിയുള്ളവരെ കാണുമ്പോള്‍ കള്ളനായും ക്രിമിനലായും വ്യാഖ്യാനിക്കുന്നത്?…’ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്റര്‍സെക്സ് വ്യക്തി അശ്വതി രാജപ്പന്റെ വാക്കുകളാണിത്.

കഴിഞ്ഞ ദിവസം അശ്വതിയോട് എറണാകുളത്ത് വച്ച് പൊലീസ് മോശമായി പെരുമാറിയിരുന്നു. സംഭവം നടന്നതിന് പിറ്റേ ദിവസം തന്നെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയും ഇന്നലെ പൊലീസില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പതിനാലാം തിയ്യതി പുലര്‍ച്ചെ 2:30 ഓടുകൂടിയാണ് അശ്വതി രാജപ്പന് നേരെ പൊലീസ് അതിക്രമം ഉണ്ടാകുന്നത്. ഡോ: ബി.ആര്‍ അംബേദ്കര്‍ പിറവി ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന് പോയി തിരിച്ചു വരുമ്പോള്‍ ദേശാഭിമാനി ജംഗ്ഷനിലുള്ള പോണാത്ത് റോഡില്‍ വച്ചായിരുന്നു സംഭവം.

അശ്വതി ഇരിക്കുന്ന ഓട്ടോയുടെ മറുഭാഗത്തായി ഒരു പൊലീസ് വാഹനം കിടപ്പുണ്ടായിരുന്നെന്നും അശ്വതി  ഓട്ടോയില്‍ താമസ സ്ഥലത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ രണ്ട് വണ്ടികളിലായി വന്ന പൊലീസുകാരില്‍ ഒരാള്‍ ഇറങ്ങി വന്ന് എടേ പോടാ എന്ന് ആക്രോശിച്ചുകൊണ്ട് തെറി വിളിക്കുകയും മോശമായി പെരുമാറുകയും ഓട്ടോയുടെ താക്കോല്‍ ഊരിയെടുത്ത് ഓട്ടോക്കാരനോട് വളരെ മോശമായി പെരുമാറുകയും ചെയ്തുവെന്നും അദ്ദേഹം മദ്യപിച്ചിട്ടുണ്ടോന്ന് പരിശോധിച്ചെന്നും അശ്വതി പറയുന്നു.

അശ്വതിയെ കണ്ടയുടനെ പൊലീസുകാരന്‍ ജീപ്പില്‍ നിന്നും ചൂരല്‍ എടുക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ച ഇവരുടെകയ്യില്‍ നിന്നും ഫോണ്‍ തട്ടിപറിക്കാന്‍ ശ്രമിച്ചെന്നും അശ്വതി പറയുന്നു. താന്‍ എറണാകുളത്ത് നിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തിയാണെന്നും തന്റെ ദേഹത്ത് തൊടരുതെന്നും പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ ഇവരുടെ ട്രാന്‍സ്ജെന്റര്‍ ഐഡന്റിറ്റിയെ അപമാനിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ അഭിപ്രായം പറഞ്ഞുകൊണ്ട് തെറി പറയുകയും ചെയ്‌തെന്നും അശ്വതി ആരോപിച്ചു. സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ അശ്വതി പൊലീസില്‍ പരാതിപ്പെട്ടു.

അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായി കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന ഓഫീസര്‍മാരുടെയും കൂടി മൊഴിയെടുത്ത ശേഷം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് അയക്കാമെന്നും പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും നമ്മുടെ മൗലിക അവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന യാതൊരു അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന് അശ്വതി പറയുന്നു. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ആളുകളെ വിലയിരുത്തുകയാണെന്നും അശ്വതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഒരു ട്രാന്‍സ്ജെന്റര്‍ പ്രതിനിധിയെന്ന നിലക്കല്ല. ഒരു വ്യക്തിയെന്ന നിലക്കാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മുടെ മൗലിക അവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഭരണഘടന ഉറപ്പും നല്‍കുന്ന യാതൊരു അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. സാധാരണക്കാരന് ലഭിക്കേണ്ട നീതി ഇവിടെ ലഭ്യമാവുന്നില്ല അശ്വതി രാജപ്പന്‍ പറയുന്നു.

ഇത്തരത്തില്‍ ഇനിയാരു വിനായകനും ഇവിടെ ആവര്‍ത്തിക്കപ്പെടരുതെന്നും അതിന് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണെന്നും അശ്വതി പറയുന്നു.

‘പൊലീസുകാരന്‍ എന്നെ തല്ലാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ ദേഹത്ത് തൊടുകയാണെങ്കില്‍ ദളിത് അട്രോസിറ്റീസ് ആക്റ്റ് പ്രകാരവും ട്രാന്‍സ്ജെന്റര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരവും ഞാന്‍ പരാതിപ്പെടുമെന്നായിരുന്നു. അപ്പോള്‍ പൊലീസ് പിന്‍വാങ്ങുകയാണുണ്ടായത്. ദിനുവിനും ഇത്തരം അനുഭവം കാലടിയില്‍ വെച്ച് പോലീസുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തിക്കും ഇനി ഇത്തരം സമീപനം പൊലീസുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അതിന് വേണ്ട നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഞാനിപ്പോള്‍ തയ്യാറായി നില്‍ക്കുന്നത്.’ അശ്വതി രാജപ്പന്‍ പറഞ്ഞു.

അശ്വതിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്തരത്തിലായിരുന്നോ പൊലീസ് പ്രതികരിക്കുക എന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ അവര്‍ നിങ്ങളെ പോലെ ഇങ്ങനെ അലഞ്ഞ് നടക്കില്ലല്ലോ എന്നായിരുന്നു പൊലീസിന്റെ പ്രതികരണമെന്നും അശ്വതി പറയുന്നു.

എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും സാമൂഹിക പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടെയും ഭാഗത്തു നിന്നും യാതൊരു പ്രതികരണം ഇല്ലായിരുന്നെന്ന് വിദ്യാര്‍ത്ഥിയും ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റുമായ അക്കു അഖില്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. ഒരു ദളിത് ആയതിനാലും ട്രാന്‍സ് ആയതിനാലും ആയിരിക്കണം സമൂഹത്തിന്റെ ഭാഗത്തു നിന്നും പ്രതികരണം ലഭിക്കാത്തതെന്നും അക്കു പറയുന്നു. ഒരാളെ കാണുമ്പോള്‍ തന്നെ അദ്ദേഹത്തെ സമൂഹം വ്യാഖ്യാനിക്കുകയാണെന്നും അക്കു അഖില്‍ പറയുന്നു.

നേരത്തെ കാലടി സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ഥി ദിനുവിനെ പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ബലമായി തടഞ്ഞു വെക്കുകയും വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ദിനുവിനെ കണ്ടാല്‍ പന്തികേടുള്ള ആളാണെന്നാണ് തോന്നുന്നതെന്ന് പൊലീസ് പറഞ്ഞതായും ദിനു പറഞ്ഞിരുന്നു. ശേഷം ദിനു പൊലീസില്‍ പരാതിപ്പെട്ടു. ദിനുവിന്റെ പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more