ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് യു.പി പൊലീസ്.
കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേിച്ച് അഖിലേന്ത്യ കിസാന്‍ സഭ യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കിസാന്‍ സഭ നേതാവ് പി.കൃഷ്ണപ്രസാദിനെ മര്‍ദിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. വാഹനത്തില്‍ നിന്ന് വീണ കൃഷ്ണപ്രസാദിന് നേരെ വീണ്ടും പൊലീസ് ബലം പ്രയോഗിച്ചു.
പൊലീസ് ബാരിക്കേഡ് മറികടന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.
കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയേയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.