| Sunday, 5th June 2022, 12:01 pm

ഹരിപ്പാട് പട്ടികജാതി കോളനിയില്‍ പൊലീസ് അതിക്രമം; സ്ത്രീകളെ അടക്കം മര്‍ദ്ദിച്ചെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി. വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഹരിപ്പാട് സ്റ്റേഷനിലെ മൂന്നംഗസംഘം കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിങ്ങിനായാണ് ചാമ്പക്കണ്ടം കോളനിയിലെത്തിയത്. വീട്ടിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരുടെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രകോപനം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.

കായംകുളം ഡി.വൈ.എസ്.പിയും സംഘവും എത്തിയാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്.
നാട്ടുകാര്‍ സംഘടിച്ചെത്തി ഒരു മണിക്കൂറോളം പൊലീസ് സംഘത്തെ തടഞ്ഞുവെച്ചെന്നും പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കോളനിയിലെ അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങള്‍ താമസിക്കുന്ന വീട്ടില്‍ രണ്ട് പേര്‍ പുറത്ത് നിന്നും എത്തിയിരുന്നു. ഇവരെ കുറിച്ചുള്ള വിവരം തിരക്കാന്‍ പൊലീസ് ശ്രമിച്ചു. ഇവരെത്തിയ ബൈക്കിനറെ താക്കോല്‍ ഊരിയെടുക്കാനും പൊലീസ് ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്, ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് നടപടി തടസ്സപ്പെടുത്തിയെന്ന് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കോളനി നിവാസികളായ സ്ത്രീകളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Content Highlights: Police atrocities in Harippad Scheduled Caste Colony;Complaints of harassment, including of women

We use cookies to give you the best possible experience. Learn more