‘പൊലീസിനോട് ഞാന്‍ ഗര്‍ഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും കേണപേക്ഷിച്ചു. പക്ഷെ അവര്‍ ലാത്തിക്കൊണ്ടുള്ള അടി നിര്‍ത്തിയില്ല. എന്റെ വയറിന് വരെ അവര്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു.’ കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഷാപൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് നടത്തിയ അക്രമങ്ങളെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ മര്‍ദനങ്ങള്‍ക്കിരയായ യുവതി പറഞ്ഞ വാക്കുകളാണിത്.
ലോക്ക്ഡൗണിന്റെയും കൊവിഡ് മഹാമാരിയുടെയും മറവില്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്തുക്കൊണ്ട് രാജ്യത്തെ മുസ്ലിങ്ങളെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെയുമെല്ലാം ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്ന് നിരന്തരം വാര്‍ത്തകള്‍ വന്നുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ഷാപൂരിലെ പൊലീസ് അതിക്രമത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്.
മെയ് മാസത്തില്‍ തുടര്‍ച്ചയായി കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദിലെ ഷാപൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരുന്നു. പഴം-പച്ചക്കറി കടകള്‍ വരെ അടച്ചിട്ട നഗരത്തില്‍ പാല്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും മാത്രമായിരുന്നു തുറക്കാന്‍ അനുമതിയുണ്ടായിരുന്നത്.
മെയ് 8ന് റമദാന്‍ നോമ്പ് തുറക്കുന്നതിനായി പാലും മറ്റും വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങിയ സ്ത്രീകളെ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം വൈകാതെ തന്നെ കല്ലേറിലേക്കും കണ്ണീര്‍വാതകപ്രയോഗത്തിലേക്കും വരെ എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അതിന്ശേഷം പ്രദേശത്തെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. ‘മെയ് 8ന് വൈകീട്ട് വീട്ടില്‍ ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. പെട്ടെന്നാണ് പൊലീസ് അകത്തേക്ക് ഇടിച്ചുകയറി വന്നത്. കുഞ്ഞിനൊപ്പം ഇരിക്കുകയായിരുന്ന എന്റെ ഭര്‍ത്താവിനെ അവര്‍ വീടിന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു.’ ദി ക്വിന്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളെയും വൃദ്ധരെയും ഭിന്നശേഷിക്കാരായ കുട്ടികളെയും വരെ പൊലീസ് തല്ലിച്ചതച്ചു എന്നാണ് ഇവരില്‍ പലരും അറിയിച്ചത്.
ദി ക്വിന്റിനോട് സംസാരിച്ച മറ്റൊരു യുവതി തന്റെ ഭര്‍ത്താവിനെയും ഭിന്നശേഷിക്കാരായ മകനെയും പൊലീസ് സമാനമായ രീതിയില്‍ മര്‍ദ്ദിച്ചുവെന്നും മകളും താനും കൂടി ഏറെ ശ്രമപ്പെട്ടാണ് മകനെ പൊലീസുകാര്‍ കൊണ്ടുപോകുന്നതില്‍ നിന്നും തടഞ്ഞതെന്നും അറിയിച്ചു.
ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഗര്‍ഭിണിയായ മറ്റൊരു യുവതി പറഞ്ഞത് ഭര്‍ത്താവിനെയും അച്ഛനെയും പൊലീസ് അടിക്കുന്നത് തടയാനെത്തിയ തന്നെയും അവര്‍ ലാത്തികളും വടിയും ഉപയോഗിച്ചു മര്‍ദ്ദിച്ചുവെന്നാണ്. അയല്‍ക്കാരാണ് ഒടുവില്‍ തന്നെ പൊലീസില്‍ നിന്നും രക്ഷിച്ചതെന്നും.
സംഭവത്തിന്റെ പിറ്റേ ദിവസവും പൊലിസ് പ്രദേശത്തെ മുസ്ലിം വീടുകളില്‍ എത്തിയെന്നും പുരുഷന്മാരെയെല്ലാം അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഈ വിവരങ്ങള്‍ പുറത്തുപറയുന്നത് ആരാണെന്ന് അറിഞ്ഞാല്‍ പൊലിസ് വീണ്ടും ആക്രമിക്കുമെന്ന് പേടിയുള്ളതിനാല്‍ ഇവരാരും തന്നെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ അതേസമയം ഗുജറാത്ത് പൊലീസ് ഈ റിപ്പോര്‍ട്ടുകളെല്ലാം പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങളുണ്ടാക്കിയ ചില സാമൂഹ്യദ്രോഹികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും വീടുകളില്‍ ഒളിച്ചിരിക്കുകയും ചെയ്തുവെന്നും ഇവരെ പിന്തുടര്‍ന്നെത്തി വീടുകളില്‍ നിന്നും പിടികൂടുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളുകളോട് വീടുകളിലേക്ക് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും ഇതിന് തയ്യാറാകാതിരുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയുമായിരുന്നെന്ന് പൊലിസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം, എപ്പിഡെമിക് ആക്ട്, ഡിസാസ്റ്റെര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ എന്നിവ ചുമത്തി ഏകദേശം 29 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ജനങ്ങള്‍ നടത്തിയ കല്ലേറില്‍ അഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ 40 ടിയര്‍ ഗ്യാസ് ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റും ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നും പറയുന്നുണ്ട്.
Video from Ahmedabad’s Shahpur area shows cops, some of them not in uniform, throwing objects at a mob while there was alleged stone pelting from the other side. Some are seen breaking bikes. Police says the object was stun grenade or three-way shells. No clarity on vehicles yet. pic.twitter.com/V9n4JwYEgS
— Asmita Nandy (@NandyAsmita) May 14, 2020
അതേസമയം പൊലീസ് ജനങ്ങള്‍ക്ക് നേരെ പല വസ്തുക്കളും വലിച്ചെറിയുന്നതിന്റെയും നിറുത്തിയിട്ടിരിക്കുന്ന ബൈക്കും കാറുകളും തല്ലിത്തകര്‍ക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു. വീഡിയോകളില്‍ പ്രതികരണം ആവശ്യപ്പെട്ടുക്കൊണ്ട് മാധ്യമങ്ങള്‍ രംഗത്തെത്തിയെങ്കിലും പൊലിസ് ഇതുവരെയും മറുപടി പറയാന്‍ തയ്യാറായിട്ടില്ല.
പുറത്തുവന്ന മറ്റൊരു വിഡീയോയില്‍ ഒരു മുസ്‌ലിം യുവാവിനെ നടുറോഡില്‍വെച്ച് പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്നതായും ഉണ്ടായിരുന്നു. ഇതിലും പൊലീസ് പ്രതികരിച്ചിട്ടില്ല.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഗുജറാത്ത് പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് നിരവധി സാമൂഹ്യസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക