| Friday, 16th November 2018, 8:44 am

അര്‍ധരാത്രി പമ്പ ഗണപതി കോവിലിന് സമീപം എത്തിയ 200 ഓളം വരുന്ന തീര്‍ത്ഥാടകരെ പൊലീസ് ഒഴിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: വ്യാഴാഴ്ച അര്‍ധരാത്രി പമ്പ ഗണപതി കോവിലിന് സമീപം എത്തിയ 200 ഓളം വരുന്ന തീര്‍ത്ഥാടകരെ പൊലീസ് ഒഴിപ്പിച്ചു. ശരണം വിളി കേട്ട് സ്ഥലത്തെത്തിയ പൊലീസ് സ്വാമിമാര്‍ ഉടന്‍ മണല്‍പ്പുറത്തേക്ക് മടങ്ങണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഭക്തര്‍ ഭജനം വിളി നടത്തി.

ആന്ധ്രയില്‍ നിന്ന് എത്തിയ ഭക്തന്മാരായിരുന്നു ഇവരെന്നാണ് പൊലീസ് നല്‍കുന്ന് വിവരം. പോലീസ് നിര്‍ദേശം അനുസരിക്കാതിരുന്ന കുറച്ചു പേരെ ഉദ്ദ്യോഗസ്ഥര്‍ വലിച്ചിഴച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചു.

അഞ്ച് ദിവസം മുമ്പ് പമ്പയില്‍ കെ.എസ്.ആര്‍.ടി.സി.ബസില്‍ എത്തിയതാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ഗണപതി കോവില്‍ പരിസരത്ത് നിന്ന് തങ്ങളെ മാറ്റാന്‍ പോലീസിന് അധികാരമില്ലന്നും ഇത് ക്ഷേത്രമാണന്നും അവര്‍ പൊലീസിനോട് പറഞ്ഞു.


തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തി; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം


ശബരിമല സന്നിധാനത്ത് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ ഇവിടെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെ മുതിര്‍ന്ന സ്ത്രീകള്‍ അടക്കമുള്ള സംഘം മണപ്പുറത്തേക്ക് മടങ്ങുകയായിരുന്നു.

മണ്ഡല, മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയും പരിസരവും ആറായി തിരിച്ച് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. രാവിലെ പത്തുമണിയ്ക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും.

എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


ശബരിമല: സാവകാശ ഹരജി നല്‍കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; അന്തിമ തീരുമാനം ഉടന്‍


സന്നിധാനത്ത് രാത്രിയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നും ന്യായമായ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതി വിധിയെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ 700 ഓളം യുവതികളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു.

ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളളവരുടെ മേല്‍നോട്ടത്തില്‍ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ മാസം 30 വരെയുളള ഒന്നാംഘട്ടത്തില്‍ 3450 പൊലീസുകാരെയാണ് നിയോഗിക്കുന്നത്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. 15,259 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ 3400 പേരെ നിയോഗിക്കാനുമാണ് തീരുമാനം.

അതേസമയം യുവതി പ്രവേശനത്തിന് എതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരില്‍ എത്രപേര്‍ ദര്‍ശനത്തിന് എത്തുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ദര്‍ശനത്തിന് വരുന്ന യുവതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ആചാരലംഘനം തടയാന്‍ ഇനി വിശ്വാസികള്‍ക്ക് മുന്‍പില്‍ രണ്ട് മാര്‍ഗം; കെ സുരേന്ദ്രന്‍


സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന ഉറച്ചനിലപാടാണ് സര്‍ക്കാര്‍ യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ജനുവരി 22 വരെ യുവതി പ്രവേശനത്തിന് സാവകാശം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്ന് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ശബരിമല.

We use cookies to give you the best possible experience. Learn more