പാലക്കാട്: ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു.
മീങ്കര ഡാമില്‍ ആദിവാസി യുവാവ് മുങ്ങി മരിച്ച സംഭവത്തിലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എന്‍.സി.എച്ച്.ആര്‍.ഒ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ എസ്.ഐ വിബിന്‍ ദാസിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് ശിവന്‍കുട്ടിയ്‌ക്കെതിരായ പരാതി. എസ്.ഐ ചിറ്റൂര്‍ എ.എസ്.പിയ്ക്ക് നല്‍കിയ പരാതിയിന്‍മേലാണ് നടപടി.
ഡാമില്‍ നിന്നും മീന്‍ പിടിച്ചു കൊണ്ടിരുന്ന ആദിവാസി യുവാവിനെ ബോട്ടിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും, എന്നാല്‍ പൊലീസ് അത് ആത്മഹത്യയാക്കി മാറ്റുകയായിരുന്നെന്നുമാണ് ശിവന്‍കുട്ടി ആരോപിക്കുന്നത്.
ശിവന്‍കുട്ടിയുടെ അറസ്റ്റില്‍ എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ സംഘടിപ്പിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.