| Wednesday, 8th September 2021, 8:37 pm

ജയില്‍ ചാടിയവരെ പിടികൂടാന്‍ ഇസ്രാഈലിന്റെ സമ്മര്‍ദ്ദ തന്ത്രം; കുടുംബങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഫലസ്തീനിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും രക്ഷപ്പെട്ട തടവുപുള്ളികളുടെ കുടുംബത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. രക്ഷപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാഴ്ത്തി തിരികെ കൊണ്ടുവരാനാണ് കുടുംബങ്ങളെയൊന്നാകെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തങ്ങളുടെ മക്കള്‍ രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അവരുടെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ആശങ്കകളുണ്ടെന്നുമാണ് ജയില്‍ ചാടിയവരുടെ മാതാപിതാക്കള്‍ പറയുന്നത്.

അവനെയൊര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നുമാണ് അയ്ഹാം കമാന്‍ജിയുടെ കുടുംബം പറഞ്ഞ്ത്. മിഡില്‍ ഈസ്റ്റ് ഐയോടായിരുന്നു ഇവരുടെ പ്രതികരണം.

തീവ്രവാദക്കുറ്റം ആരോപിച്ച് ഇസ്രാഈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് ഫലസ്തീന്‍ തടവുകാരാണ് ജയില്‍ ചാടിയത്. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് സാഹസികമായാണ് ഇവര്‍ രക്ഷപ്പെട്ടത്.

വയലില്‍ അസാധാരണമായ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മറ്റ് ഫലസ്തീന്‍ തടവുകാരെ കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

രക്ഷപ്പെട്ടവരില്‍ നാല് പേര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. പ്രത്യേക തടവിന് വിധിക്കപ്പെട്ട് കഴിയുന്നയാളാണ് മറ്റൊരാള്‍. വിചാരണ കഴിഞ്ഞ് ശിക്ഷാ വിധി കാത്തിരിക്കുന്നയാളാണ് ആറാമന്‍.

അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രാഈലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍കാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്.

കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Police arrests  family of  prisoner who escaped from Palestine

We use cookies to give you the best possible experience. Learn more