ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്.
ബുലന്ദ്ശഹറില്‍ നിന്നും 37 കിലോമീറ്റര്‍ അകലെയുള്ള ഹാപൂരില്‍ നിന്നാണ് ശിഖര്‍ അഗര്‍വാളിനെ അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.
ഒളിവില്‍ കഴിയവേ സുബോധ് കുമാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ശിഖര്‍ അഗര്‍വാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാറെന്നായിരുന്നു ആരോപണം.
സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്നും ബുലന്ദ്ശഹറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അവിടെയെത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു.
ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്പെക്ടറുടെ കൊലപാതകത്തിന് കാരണമായ കലാപക്കേസിലെ മുഖ്യപ്രതി കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ബജ്റംഗദള്‍ ജില്ല കോര്‍ഡിനേറ്ററായ യോഗേഷ് രാജാണ് അറസ്റ്റിലായത്.
ഡിസംബര്‍ 3നാണ് ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് അക്രമം നടത്തിയത്. കേസില്‍ ശിഖര്‍ അഗര്‍വാളടക്കം 30ഓളം പേര്‍ പ്രതികളാണ്. വെടിവെച്ചു കൊല്ലുന്നതിന് മുമ്പ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കലുവ എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വെടിവെച്ച പ്രശാന്ത് നട്ട് എന്നയാളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.