കാലപ്പേട്ട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കുന്നു. ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ച ഉപരാഷ്ട്രപതി സര്‍വകലാശാല സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് സമരക്കാരെ മാറ്റുന്നത്.
നാളുകളായി സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമാകുമെന്ന കണക്കാക്കിയാണ് പൊലീസ് സമരക്കാരെ ക്യാമ്പസില്‍ നിന്നും മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തെ തുടര്‍ന്ന് ക്യാമ്പസില്‍ സി.ആര്‍.പി.എഫിനെ വിന്യസിച്ചിട്ടുമുണ്ട്.
ഡിസംബറില്‍ സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത് ബിരുദദാന ചടങ്ങ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ബഹിഷ്‌കരിച്ചിരുന്നു. യൂണിയന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ വരെ ചടങ്ങ് ബഹിഷ്‌കരിക്കുകയും മെഡലുകള്‍ സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വേദിയില്‍ വെച്ചുതന്നെ റാങ്ക് ജേതാവായ റബീഹ അബ്ദുറഹീം എന്ന് വിദ്യാര്‍ത്ഥി വേദിയില്‍ വെച്ചു സ്വര്‍ണ്ണ മെഡല്‍ സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.