ശബരിമല പ്രക്ഷോഭം; അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍: ജാമ്യം കിട്ടാന്‍ 13 ലക്ഷം കെട്ടിവെക്കണം
Sabarimala women entry
ശബരിമല പ്രക്ഷോഭം; അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍: ജാമ്യം കിട്ടാന്‍ 13 ലക്ഷം കെട്ടിവെക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th October 2018, 9:00 am

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. നിലയ്ക്കലിലുണ്ടാ സംഘര്‍ഷത്തില്‍ പത്ത് പൊലീസ് വാഹനങ്ങളും 18 കെ.എസ്.ആര്‍.ടി.സി ബസുകളും തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഘര്‍ഷത്തിന്റെ പേരില്‍ 1410 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടു. 160 പേരെ റിമാന്‍ഡ് ചെയ്തു. 440 കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലാണ് വിവിധ ജില്ലകളില്‍നിന്ന് 1410 പേര്‍ അറസ്റ്റിലായത്. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്.


Read Also : രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല; സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയിട്ടിരുന്ന രാഹുല്‍ ഈശ്വറിന് അജയ് തറയിലിന്റെ പിന്തുണ


 

അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉള്‍പ്പടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ശരണപാതയില്‍ യുവതികളെ തടഞ്ഞത്, ഹര്‍ത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

ഏറ്റവുമധികം പേര്‍ അറസ്റ്റിലായത് എറണാകുളത്താണ്. ഇവിടെ 310 പേര്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയില്‍ 191 പേരും വയനാട്ടില്‍ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയില്‍ അറസ്റ്റിലായ പകുതിയോളം പേര്‍ക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘര്‍ഷമുണ്ടാക്കിയതിന് 310 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്.