ന്യൂദല്‍ഹി: ആശ്രമത്തിലെ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ അറസ്റ്റില്‍.
ഹരിയാന പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിത് കുമാര്‍, രാജേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ രാജേഷ് കുമാര്‍ എന്നിവരും രാജസ്ഥാനിലെ പൊലീസുകാരന്‍ ഓം പ്രകാശുമാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 25ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയില്‍ വിധിപ്രസ്താവത്തിന് എത്തിച്ചപ്പോള്‍, ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തില്‍ സഹായിക്കണമെന്നു പറഞ്ഞ് പഞ്ച്കുളയിലേക്കു വിളിച്ചുവരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ ഏഴു പൊലീസുകാര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസ് അറിയിച്ചു.
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ മറ്റ് അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഗുര്‍മീതിനു സുരക്ഷ നല്‍കുന്നവരാണിവര്‍. അഞ്ചുപേരെയും സേനയില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ രക്ഷപ്പെടാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് ഇയാളെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവു നേരത്തേ വ്യക്തമാക്കിയിരുന്നു.