തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തെത്തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
പേട്ട പൊലീസ് പ്രസ് ക്ലബ്ബിലെത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.
ആക്രമണത്തിനെതിരെ ഫേസ്ബുക്കില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തക സ്വന്തം കുട്ടികളുടെ മുന്നില്‍ രാത്രിസമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിഷയത്തില്‍ കൃത്യവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.
രാധാകൃഷ്ണന്റെ ക്രിമിനല്‍ സ്വഭാവം മാധ്യമപ്രവര്‍ത്തകരില്‍ അരക്ഷിത ബോധം ഉണ്ടാക്കുന്നുവെന്നും രാധാകൃഷ്ണന്റെ അപവാദ പ്രചരണങ്ങള്‍ തങ്ങളുടെ സുഹൃത്തിനെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
ഏതു മേഖലയിലെയും അനീതി തുറന്നുകാട്ടി തൊഴില്‍ എടുക്കുന്നവരാണു തങ്ങളെന്നും ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമ പ്രവര്‍ത്തകരായ സ്മൃതി പരുത്തിക്കാട്, ഷാനി പ്രഭാകരന്‍, ഷാഹിന നഫീസ, അപര്‍ണ തുടങ്ങി ധാരാളം പേരാണ് കാമ്പയിനുമായി മുന്നിട്ടിറങ്ങിയത്.