| Sunday, 9th July 2023, 2:03 pm

മധ്യപ്രദേശില്‍ ദളിത് യുവാക്കളെ തടവില്‍ വെച്ച് മര്‍ദിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് ദളിതരെ എട്ട് മണിക്കൂറോളം തടവില്‍ വെച്ച് മര്‍ദിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ ജില്ലയില്‍ നിന്നുമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.

സുമിത് ചൗധരി, ജയ്പാല്‍ ബാഗേല്‍, പ്രേം സിങ് പര്‍മാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.സി, എസ്.ടി നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

റാവു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ദളിത് യുവാവ് അന്തര്‍ സിങ്ങും 15 വയസുള്ള സഹോദരന്‍ ശങ്കര്‍ സിങ്ങും ബൈക്കില്‍ വരുന്നതിനിടെ ബൈക്ക് മറിഞ്ഞ് വീണിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികളുമായി തര്‍ക്കമുണ്ടാകുകയും പ്രതികള്‍ ഇവരെ സെക്യൂരിറ്റി ഗാര്‍ഡിന്റെ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നുവെന്ന് ഡി.സി.പി ആദിത്യ മിശ്ര പറഞ്ഞു. രാവിലെയാണ് യുവാക്കളെ ഇവര്‍ മോചിപ്പിച്ചത്.

ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡി.സി.പി അറിയിച്ചു. ഇനിയും പ്രതികള്‍ ഉണ്ടെന്നും ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും മിശ്ര അറിയിച്ചു.

സിദ്ധി ജില്ലയില്‍ ആദിവാസി യുവാവ് ദശ്മത് റാവത്തിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് അറസ്റ്റ് ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു സംഭവം കൂടി വരുന്നത്.

കഴിഞ്ഞ ദിവസം, ബി.ജെ.പി നേതാവ് മുഖത്തേക്ക് മൂത്രമൊഴിച്ച് അപമാനിച്ച് ദശ്മത് റാവത്തിന് 6.5 ലക്ഷം രൂപ ധനസഹായം മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ധനസഹായമായി 6.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ജില്ലാ കളക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവം നടന്നതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ വസതിയില്‍ എത്തിച്ച് കാല്‍കഴുകി ആദരിക്കുകയും ചെയ്തിരുന്നു. സിദ്ധിയില്‍ നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Content Highlight: police arrested three for holding two tribals captive and beating them

We use cookies to give you the best possible experience. Learn more