| Wednesday, 15th April 2020, 11:06 am

ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികളെ തെരുവിലിറക്കിയെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി തെരുവിലിറക്കിയെന്നു സംശയിക്കുന്ന വ്യക്തിയെ അറസ്റ്റു ചെയ്തു. തൊഴിലാളി നേതാവെന്ന് സ്വയം പറയുന്ന വിനയ് ദുബെയെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്.

‘നമുക്ക് വീടുകളിലേക്ക് തിരിച്ചു പോകാം’ എന്ന പേരില്‍ വിനയ് ദുബെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായ കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചിച്ചത് ഈ പോസ്റ്റുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ബാന്ദ്രയില്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയതിന് വിനയ് ദുബെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച പോസ്റ്റുകള്‍ കാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. തെരുവിലിറങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ അധികവും ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ച, വിനയ് ദുബെ പങ്കുവെച്ച വീഡിയോയില്‍ ‘ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്’ മുതല്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് പറയുന്നുണ്ട്.

‘ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലേക്കും ബീഹിറിലേക്കും പശ്ചിമ ബംഗാളിലേക്കും തീവണ്ടികള്‍ അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇവര്‍ ഇവരുടെ വീടുകളിലെത്തിയാല്‍ നിരീക്ഷണത്തിലിരുന്നു കൊള്ളും. അവരിവിടെ ഒറ്റപ്പെട്ടു കിടക്കുകയാണ്. കൊറോണ കൊണ്ടായിരിക്കില്ല, പട്ടിണി കിടന്നായിരിക്കും ഇവര്‍ മരിക്കുക. ഏപ്രില്‍ 14 വരെയോ 15 വരെയോ ഞങ്ങള്‍ കാത്തു നില്‍ക്കും. എന്നിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ വിനയ് ദുബെ എന്ന ഞാന്‍ ഈ തൊഴിലാളികളേയും കൂട്ടി നടന്നുകൊണ്ട് യാത്ര തുടങ്ങും,’ വീഡിയോയില്‍ പറയുന്നു.

വിനയ് ദുബെ ഉത്തര ഭാരതീയ മഹാ പഞ്ചായത്ത് എന്ന പേരില്‍ ഒരു എന്‍.ജി.ഒ നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ വടക്കേ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനായി ആരംഭിച്ച എന്‍.ജി.ഒ ആണത്.

തൊഴിലാളികള്‍ക്ക് രണ്ടു വഴികളുണ്ട്. ഒന്നുകില്‍ അവരുടെ വീടുകളിലേക്ക് തിരികെ പോകാം, അല്ലെങ്കില്‍ ഇവിടെ കിടന്ന് മരിക്കാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നവി മുംബൈയില്‍ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്.

ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more