| Sunday, 13th September 2020, 10:47 pm

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ 13കാരിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍; പിടിയാലയത് യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ 13 കാരിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. പേട്ടയില്‍ വെച്ച് യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയെയും ഭാര്യ സിതാരയെയും അറസ്റ്റ് ചെയ്തത്.

സിതാരയും സുജിതും നടത്തിയ വധശ്രമം മറച്ച് വെക്കാന്‍ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി സാമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കു്‌നനുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ പരാതി സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ പിന്നാലെ കേസ് അന്വേഷിച്ച പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പലിശയ്ക്ക് കടംകൊടുക്കല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി 17ഓളം കേസുകളില്‍ പ്രതിയാണ് സുജിത് കൃഷ്ണയെന്നും ഭാര്യ സിതാരയ്‌ക്കെതിരെയും കേസുള്ളതായി പൊലീസ് പറഞ്ഞു.

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ ഒപ്പിട്ട് വാങ്ങാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സുജിത്തിന്റെ വീട്ടില്‍ പൊലീസ് കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരാതിക്ക് പിന്നില്‍ സുജിതിന്റെ മുന്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കര്‍ മോഹനനാണെന്ന ധാരണയില്‍ ഇയാളെ കൊല്ലാന്‍ സുജിത് പദ്ധതി തയ്യാറാക്കുകയായിരുന്നു.

ശങ്കര്‍ മോഹനനെ ചര്‍ച്ചക്കെന്ന പേരില്‍ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പടുത്താന്‍ സുജിത്തും സിതാരയും ശ്രമിച്ചു. പരുക്കേറ്റ ശങ്കറും മറ്റു സുഹൃത്തുക്കളും ഇവരെ പിന്തുടര്‍ന്നതോടെ ഇരുവരും പേട്ട സ്റ്റേഷനില്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ ഗുണ്ടാ നിയമ പ്രകാരം ശങ്കറിനെ അറസ്റ്റു ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്. എന്നാല്‍ ഇതിനിടെ മകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് സുജിത്തിന്റെ മകളുടെ പരാതി. ഗുണ്ടകളുടെ ഭീഷണികാരണം പഠിക്കാന്‍ കഴിയുന്നില്ല, തന്നെ ഗുണ്ടകള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു എന്ന് കാണിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Police Arrested the parents of 13 year old girl who sent letter against police on gundas threatening

We use cookies to give you the best possible experience. Learn more