തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്ന ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ശോഭാ സുരേന്ദ്രനു പകരം നിരാഹാരമിരിക്കും. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിരാഹാരം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അയ്യപ്പജ്യോതി കഴിയാതെ അവസാനിപ്പിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍ ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരം. എ.എന്‍ രാധാകൃഷ്ണന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ക്കു ശേഷമാണ് ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരം തുടങ്ങിയത്.
ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബി.ജെ.പി നിരാഹാര സമരം തുടങ്ങിയത്.