കോഴിക്കോട്: ഫുട്പാത്തിലിരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നയാളുടെ കയ്യിലുണ്ടായിരുന്ന കുപ്പിവെള്ളം തട്ടിത്തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയ്തതിന് സാമൂഹ്യപ്രവര്‍ത്തകനായ നദിയെ അറസ്റ്റു ചെയ്തു. കസബ പൊലീസാണ് “കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെന്നാരോപിച്ച്” നദിയെ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച രാത്രി പാളയം ബസ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. ഫുട്പാത്തില്‍ ഇരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നയാളുടെ വെള്ളം സിവില്‍ പൊലീസ് ഓഫീസര്‍ ബിജീഷ് തട്ടിത്തെറിപ്പിക്കുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ അറസ്റ്റു ചെയ്തതെന്നും നദി ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് തനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജീഷിന്റെ പരാതിയില്‍ കേരള പൊലീസ് ആക്ട് 117 ഇപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, കുടിവെള്ളം തട്ടിത്തെറിപ്പിക്കുകയും അത് ചോദ്യം ചെയ്ത തന്നെ അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും നദി പറഞ്ഞു.
ഫുട്പാത്തിലിരുന്നയാള്‍ പരസ്യമായി മദ്യം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് നദി പറയുന്നത്. വെള്ളംകുടിക്കുകയായിരുന്ന വഴിയാത്രക്കാരനോട് പൊലീസ് മോശമായി പെരുമാറുന്നതിന്റെ ചിത്രവും നദി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.