സംഭാൽ: ഉത്തർപ്രദേശിലെ സംഭാലിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഖഗ്ഗു സരായിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയതിന് പിന്നാലെ വീടൊഴിയാൻ ഭരണകൂടം സമ്മർദം ചെലുത്തുന്നതായി മുസ്‌ലിം കുടുംബം.
ക്ഷേത്രത്തിൽ പൂജ ചെയ്യാൻ ആഗ്രഹിക്കുന്ന ഹിന്ദു ഭക്തർക്ക് ഇവരുടെ വീട് ഒരു തടസ്സമായി മാറിയെന്നും അതിനാൽ ജില്ലാ ഭരണകൂടം വീട് പൊളിച്ചുമാറ്റാൻ സമ്മർദം ചെലുത്തുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ക്ഷേത്രത്തിന് മൂന്ന് വശങ്ങളിലൂടെയും പാതകളുണ്ടെങ്കിലും, അതിന്റെ പിൻവശത്തെ മതിൽ വീടിനോട് ചേർന്നാണുള്ളത്.
ഭരണകൂടത്തിന്റെ ഭീഷണിയിൽ ഭയന്ന കുടുംബം വീടിന്റെ ഒരു ഭാഗം ഉടൻ തന്നെ പൊളിച്ചുമാറ്റി. പക്ഷേ ഭരണകൂടം മുഴുവൻ കെട്ടിടവും പൊളിച്ചുമാറ്റാൻ നിർബന്ധിച്ചു. അതിന് അവർ വിസമ്മതിച്ചതിനാൽ, പ്രദേശത്തെ സമാധാനം തകർക്കുന്നുവെന്ന് ആരോപിച്ച് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ മുഹമ്മദ് മതീനെ ജനുവരി 16ന് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ജനുവരി 24ന് ജാമ്യത്തിൽ വിട്ടയച്ചു.
‘ക്ഷേത്രം കണ്ടെത്തിയതിന് ശേഷം ജില്ലാ ഭരണകൂടം ഞങ്ങളുടെ മേൽ സമ്മർദം ചെലുത്താൻ തുടങ്ങി’ മതീന്റെ ഭാര്യ ഉസാമ പർവീൺ ദി വയറിനോട് പറഞ്ഞു.
‘ആദ്യം, ഞങ്ങളുടെ വീടിന്റെ ബാൽക്കണി പൊളിക്കാൻ അവർ ആവശ്യപ്പെട്ടു. അത് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് അവർ പറഞ്ഞു. ഭരണകൂടത്തെ ഭയന്ന് ഞങ്ങൾ ബാൽക്കണി പൊളിച്ചുമാറ്റി. പക്ഷേ കാര്യം അവിടെ അവസാനിച്ചില്ല. താമസിയാതെ, സാംബാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര ക്ഷേത്രത്തോട് ചേർന്നുള്ള ഞങ്ങളുടെ വീടിന്റെ മതിൽ പൊളിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അതിന് വിസമ്മതിച്ചപ്പോൾ, ഞങ്ങളുടെ വീട് മുഴുവൻ പൊളിക്കേണ്ടിവരുമെന്ന് പറഞ്ഞ് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി,’ അവർ കൂട്ടിച്ചേർത്തു.
വീട് പൊളിക്കാൻ കുടുംബം വിസമ്മതിച്ചപ്പോൾ, തന്റെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്തുവെന്ന് പർവീൺ പറഞ്ഞു. ‘ഞങ്ങളുടെ വീട് പൊളിക്കാൻ വിസമ്മതിച്ചപ്പോൾ, പൊലീസ് എന്റെ ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സമാധാനം തകർത്തതിനും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നത് ഹിന്ദു ഭക്തരെ തടഞ്ഞു എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ,’ പർവീൺ പറഞ്ഞു.
മതീനെതിരെ നഖസ പൊലീസ് സ്റ്റേഷനിൽ ബി.എൻ.എസ് സെക്ഷൻ 126 , 135 , 170 എന്നീ വകുപ്പുകൾ പ്രകാരം ചലാൻ പുറപ്പെടുവിച്ചിട്ടുണ്ട്. . പ്രതികൾ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുകയും അവരെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് എസ്.ഡി.എം മിശ്ര ആരോപിച്ചു.
2002ൽ തന്റെ ഭർത്താവ് സ്വന്തം വരുമാനം കൊണ്ട് വസ്തു വാങ്ങിയെന്നും ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും പർവീൺ പറഞ്ഞു. വീട് പണയപ്പെടുത്തി മതീൻ ബാങ്ക് വായ്പ പോലും എടുത്തിട്ടുണ്ട്. ‘ഈ വീടല്ലാതെ ഞങ്ങൾക്ക് മറ്റ് സ്വത്തൊന്നുമില്ല. ഞങ്ങൾ ദരിദ്രരാണ്. എന്റെ ഭർത്താവ് ഒരു ഡ്രൈവറാണ്. വീട് പൊളിച്ചുമാറ്റിയാൽ ഞങ്ങൾ എവിടേക്ക് പോകും?’ നിറഞ്ഞ കണ്ണുകളോടെ അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 13ന്, ഖഗ്ഗു സരായ്യിലെ കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെ വർഷങ്ങളായി അടച്ചിട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ കാർത്തിക് മഹാദേവ ക്ഷേത്രം (ഭസ്മ ശങ്കർ ക്ഷേത്രം) കണ്ടെത്തിയതായി സാംഭാൽ ഭരണകൂടം അവകാശപ്പെട്ടു. തുടർന്ന്, ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു.
എന്നാൽ ക്ഷേത്രത്തിന്റെ ‘കണ്ടെത്തൽ’ സംബന്ധിച്ച അവകാശവാദത്തിൽ സാംബാൽ നിവാസികൾ അമ്പരന്നിരിക്കുകയാണ്. ‘ക്ഷേത്രം എവിടെയെങ്കിലും അപ്രത്യക്ഷമായിരുന്നോ, ഇപ്പോൾ അവർ പെട്ടെന്ന് ‘കണ്ടെത്തിയിരിക്കുന്നു’? വർഷങ്ങളായി ക്ഷേത്രം അവിടെയുണ്ട്. ഹിന്ദുക്കൾ ക്രമേണ പ്രദേശത്ത് നിന്ന് പോയതിന് ശേഷം, ക്ഷേത്രം പരിപാലിക്കാനോ അവിടെ ആരാധന നടത്താനോ ആരും വന്നിരുന്നില്ല. അതിനാൽ, അത് പൂട്ടിയിരിക്കുകയായിരുന്നു,’ ഒരു പ്രദേശവാസി പറഞ്ഞു.
ക്ഷേത്രത്തിന്റെ താക്കോലുകൾ ഒരു പ്രാദേശിക ഹിന്ദു കുടുംബത്തിന്റെ കൈവശമാണെന്ന് പർവീൺ പറയുന്നു, അവർ പ്രത്യേക അവസരങ്ങളിൽ ക്ഷേത്രം വൃത്തിയാക്കാൻ സന്ദർശിക്കാറുണ്ട്. തങ്ങൾക്ക് ഒരിക്കലും ക്ഷേത്രവുമായിട്ടോ ക്ഷേത്രത്തിന്റെ അവകാശികളുമായിട്ടോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പർവീൺ പറഞ്ഞു.
Content Highlight: ‘Police Arrested My Husband to Intimidate Us’: A Family in Sambhal is Fighting to Save Their Home