അമ്മമാർ മരിച്ച കുട്ടികൾക്ക് മുലയൂട്ടാൻ സമ്മതമറിയിച്ച പോസ്റ്റിന് താഴെ അശ്ലീലമായി കമന്റിട്ട യുവാവ് പിടിയിൽ
keralanews
അമ്മമാർ മരിച്ച കുട്ടികൾക്ക് മുലയൂട്ടാൻ സമ്മതമറിയിച്ച പോസ്റ്റിന് താഴെ അശ്ലീലമായി കമന്റിട്ട യുവാവ് പിടിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 8:00 am

വയനാട്: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച യുവാവ് അറസ്റ്റിൽ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങളെ മുലയൂട്ടാൻ സമ്മതം അറിയിച്ചുകൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് ഇട്ട യുവാവ് ആണ് അറസ്റ്റിൽ ആയത്.

ചെർപ്പുളശ്ശേരി സ്വദേശിയായ സുകേഷ്. പി മോഹൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇയാളുടെ പ്രവർത്തി സ്ത്രീത്വത്തെ അപമാനിക്കുന്നതും സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതുമാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് പൊലീസ് കൂട്ടിച്ചേർത്തു.

‘അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവും നമ്മുടെ അടിസ്ഥാന അവകാശങ്ങളാണെങ്കിലും അതിന്റെ മറ പറ്റി മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല,’ പൊലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. പാലക്കാട് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സുകേഷിന്റെ അറസ്റ്റ് വിവരം പുറത്ത് വിട്ടത്.

സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവരെയും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 365 പേർക്കാണെന്നാണ് ഇത് വരെ പുറത്ത് വന്ന റിപ്പോർട്ട്. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തമുഖത്ത് നടന്ന തിരച്ചിലില്‍ 147 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍. പരിക്കേറ്റ 81 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിൽ 119മൃതശരീരങ്ങൾ കൈമാറി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 206 പേരെ ഡിസ്ചാർജ് ചെയ്തത് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്നും പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയവരെ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Content Highlight: police arrested man who sexualised women who is  willing to feed children who lost parents in mundakkai tragedy