'യൂട്യൂബ് ഫോളോവേഴ്‌സിനെ കൂട്ടാന്‍ താജ്മഹല്‍ പരിസരത്ത് കാവിക്കൊടി ഉയര്‍ത്തി'; നാല് ഹിന്ദുത്വ വാദികള്‍ അറസ്റ്റില്‍
national news
'യൂട്യൂബ് ഫോളോവേഴ്‌സിനെ കൂട്ടാന്‍ താജ്മഹല്‍ പരിസരത്ത് കാവിക്കൊടി ഉയര്‍ത്തി'; നാല് ഹിന്ദുത്വ വാദികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 1:10 pm

ആഗ്ര: താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന യുവജനസംഘടനയിലെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

താജ്മഹലിന് സമീപം യുവാക്കള്‍ കാവിക്കൊടി വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍ പ്രവര്‍ത്തകരായ റിഷി ലവാനിയ, സോനു ബാഗല്‍, വിശേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. താജ്മഹല്‍ പരിസരത്ത് യാതൊരു വിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

യൂട്യൂബില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് സംഘടനയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

നാല് പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തജ്ഗഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര പറഞ്ഞു.

2017 ഒക്ടോബറിലും സമാനമായ രീതിയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ചിലെ അംഗങ്ങള്‍ താജ്മഹലില്‍ കാവി കൊടി ഉയര്‍ത്തിയിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Police arrested four people who raised the saffron flag and chanted mantras