Kerala News
എം.എം മണിയുടെ അകമ്പടി വാഹനം തടസ്സപ്പെടുത്തി അസഭ്യവര്‍ഷം; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 30, 07:28 am
Wednesday, 30th October 2019, 12:58 pm

മുട്ടം: മന്ത്രി എം.എം മണിയുടെ അകമ്പടി വാഹനം തടസ്സപ്പെടുത്തി അസഭ്യ വര്‍ഷം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അകമ്പടി വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം നടത്തിയത്.

ഈരാറ്റുപേട്ട നടയ്ക്കല്‍ അമ്പലത്തിനാല്‍ മന്‍സൂര്‍ അഷ്‌റഫ്, ഈരാറ്റുപേട്ട നടയ്ക്കല്‍ വെളുത്തേര് ആസിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ് പറഞ്ഞു.

മന്ത്രിയ്ക്ക് അകമ്പടി പോയിരുന്ന മുട്ടം എസ്.ഐ സഞ്ചരിച്ചിരുന്ന വാഹനത്തിന് തടസ്സം സൃഷ്ടിച്ചതായും ബൈക്ക് ഒതുക്കി മാറ്റാന്‍ നിര്‍ദേശിച്ച എസ്.ഐ ബൈജു.പി.ബാബുവിനെ അസഭ്യം പറഞ്ഞെന്നുമാണ് കേസ്.

നിര്‍ത്താതെ പോയ ബൈക്ക് മേലുകാവ് പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. യുവാക്കളെ മുട്ടം പൊലീസിന് മേലുകാവ് പൊലീസ് കൈമാറുകയായിരുന്നു.