സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശം; എഴുത്തുകാരന്‍ ബദ്രി ശേഷാദ്രി അറസ്റ്റില്‍
national news
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശം; എഴുത്തുകാരന്‍ ബദ്രി ശേഷാദ്രി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2023, 12:19 pm

ചെന്നൈ: എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ബദ്രി ശേഷാദ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ കലാപത്തെ കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ കുറിച്ചും പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് തമിഴ്‌നാട് പൊലീസ് ശേഷാദ്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഐ.പി.സി സെക്ഷന്‍ 153,153 A ,505(1)(B) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ച് മണിക്ക് വീട്ടിലെത്തിയാണ് പേരാംമ്പലൂര്‍ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ മണിപ്പൂര്‍ കലാപത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ബദ്രിയുടെ പരാമര്‍ശം.

കാരണങ്ങളില്ലാതെയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് ജഡ്ജിമാര്‍ക്ക് തന്നെ അറിയുമോയെന്നതില്‍ ഉറപ്പില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മണിപ്പൂരില്‍ തോക്കുമായി നില്‍ക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

‘ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഒരു തോക്കും കൊടുത്ത് ചന്ദ്രചൂഡിനെ അങ്ങോട്ട് അയക്കാം. അദ്ദേഹത്തിന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമോയെന്നത് നോക്കാം,’ എന്നായിരുന്നു ബദ്രി അഭിമുഖത്തില്‍ പറഞ്ഞത്.

അതൊരു മലയോര പ്രദേശമാണ്, അവിടെ കൊലപാതങ്ങള്‍ നടക്കും. നമ്മള്‍ക്ക് അവിടെ നടക്കുന്ന അക്രമം തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഭിഭാഷകനായ കവിയരസുവാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. ജൂലൈ 22ന് ഇറങ്ങിയ അഭിമുഖം കണ്ടെന്നും അതില്‍ സുപ്രീം കോടതിയെയും ഡി.വൈ ചന്ദ്രചൂഡിനെയും വിമര്‍ശിക്കുന്നുണ്ടെന്നും കവിയരസു പരാതിയില്‍ പറയുന്നു. ജുഡീഷറിയെ കുറിച്ചുള്ള ബദ്രിയുടെ വീക്ഷണങ്ങള്‍ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

തമിഴ്‌നാട്ടിലെ പ്രമുഖ പ്രസാദകരില്‍ ഒന്നായ കിഴക്കു പത്തിപ്പഗത്തിന്റെ സ്ഥാപകനാണ് ബദ്രി ശേഷാദ്രി.

Content Highlight: Police arrested badri seshadri over supreme court remark