റെയില്‍ പാളത്തില്‍ കല്ലു നിരത്തി ഗരീബ്‌രാഥ് എക്‌സ്പ്രസ് അപകടപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കോട്ടയം: റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജിനെയാണ് റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്.
കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇദ്ദേഹം.
കോട്ടയം വഴി കടന്നു പോയ ഗരീബ്‌രാഥ് എക്‌സ്പ്രസ് അപകടപ്പെടുത്താനാണ് നാഗരാജ് ശ്രമിച്ചത്. കൊച്ചടിച്ചിറ വഴി ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി ഉലഞ്ഞിരുന്നു.
ഈ വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. ഇതേതുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ തെരച്ചിലിലാണ് അട്ടിമറി ശ്രമം കണ്ടെത്തിയത്.
പാളത്തില്‍ ചെരുപ്പ് കയറ്റിവച്ച ശേഷം അതിന് മുകളില്‍ കല്ലുകള്‍ നിരത്തി വച്ചാണ് ട്രെയിന്‍ അപായപ്പെടുത്താന്‍ നോക്കിയത്. സംഭവ സ്ഥലത്തെത്തിയ റെയില്‍വേ പൊലീസാണ് കല്ലുകള്‍ നീക്കം ചെയ്തത്.
ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വെ ആക്ട് 153, 147 പ്രകാരമാണ് നാഗരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ തടവുശിക്ഷ ഇയാള്‍ക്ക് ലഭിക്കും.