ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ മുഗള്‍ കാലഘട്ടത്തിലെ മസ്ജിദിന്റെ മിനാരങ്ങളിലും പള്ളിയുടെ അകത്തുമായി അതിക്രമിച്ച് എത്തി കാവിക്കൊടി കെട്ടിയ 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.
ബില്ലോച്ച്പുരയിലെ ദിവാന്‍ ജി കി ബീഗം ഷാഹി മസ്ജിദിലേക്ക് 500ലധികം ആളുകള്‍ ലാത്തികളും വടികളുമായി ബലപ്രയോഗത്തിലൂടെ കടന്നുവെന്ന് ദൃക്സാക്ഷിയായ പള്ളിയുടെ പരിപാലകന്‍ വ്യക്തമാക്കിയതായി ജനുവരി 23ന് താജ്ഗഞ്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത 1500ലധികം ആളുകള്‍ക്കെതിരെ ഐ.പി.സി പ്രകാരം സെക്ഷന്‍ 147 (കലാപം), 148 (കലാപം, മാരകായുധങ്ങളുമായി സംഘംചേരല്‍), 452 (ദ്രോഹത്തിനോ ആക്രമണത്തിനോ തയ്യാറെടുത്തതിന് ശേഷം അതിക്രമിച്ചുകടക്കുക), 505 (2) (പൊതു ജനദ്രോഹത്തിന് വഴിയൊരുക്കുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നിലവില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
പള്ളിക്കകത്തും സമീപ പ്രദേശങ്ങളിലുമായി സംഘപരിവാറിന്റെ അനുയായികള്‍ പൂര്‍ണമായും അരാജകത്വം സൃഷ്ടിച്ചുവെന്ന് പള്ളിയുടെ പരിപാലകനായ സാഹിര്‍ ഉദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയുടെ മിനാരങ്ങളിലും ചുവരുകളിലും അകത്തളങ്ങളിലും കാവി പതാകകള്‍ ഉയര്‍ത്തി സാമൂഹിക വിരുദ്ധര്‍ പള്ളിയെ അപമാനിച്ചുവെന്ന് സാഹിര്‍ ഉദ്ദീന്‍ ചൂണ്ടിക്കാട്ടി.
അക്രമികള്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും പള്ളിയുടെ ഉള്‍വശത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയെന്നും സാഹിര്‍ ഉദ്ദീന്‍ പറഞ്ഞു. മതപരമായ വിദ്വേഷം പുലമ്പിക്കൊണ്ട് മാന്യമല്ലാത്ത ഭാഷയിലാണ് അക്രമികള്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മസ്ജിദിലേക്ക് അതിക്രമിച്ച് കടന്നത്.
അതേസമയം ജനുവരി 21ന് മധ്യപ്രദേശിലെ ജാംബുവയിലെ ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. നാല് ചര്‍ച്ചുകളില്‍ അതിക്രമിച്ചുകയറിയ 50 പേരടങ്ങുന്ന ഹിന്ദുത്വ സംഘം കുരിശിന് മുകളില്‍ കാവിക്കൊടികള്‍ കെട്ടുകയുണ്ടായി.
ദാംദല്ലെ, ധംനിനാഥ്, ഉഭയ്‌റാവു എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് അക്രമമുണ്ടായത്. മാതാ സുലേയിലെ സി.എസ്.ഐ ചര്‍ച്ചിലും കൊടി കെട്ടിയിരുന്നു. രണ്ട് ദിവസം കൊടികള്‍ അവിടെ സ്ഥാപിക്കണമെന്ന് ഭീഷണി മുഴക്കിയ സംഘം എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും അങ്ങനെ ചെയ്യുന്നതാണെന്നും പള്ളിയെ മാത്രം ഒഴിവാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
Content Highlight: Police arrested 11 people who trespassed in Agra and tied saffron flags to the minarets of the mosque.