കൂട്ടുകാരോടൊപ്പം സംസാരിച്ചു നിന്ന വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു, വംശീയ അറസ്റ്റെന്ന് ആരോപണം
Daily News
കൂട്ടുകാരോടൊപ്പം സംസാരിച്ചു നിന്ന വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു, വംശീയ അറസ്റ്റെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2015, 3:31 pm

arrest-01തിരുവനന്തപുരം: സര്‍വ്വകലാശാല ലൈബ്രറിക്ക് മുമ്പില്‍ കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. കാഞ്ഞിരംകുളം പുല്ലുവിള രവിനഗര്‍ സുധിഭവനില്‍ ആര്‍.എസ് സുനി എന്ന വിദ്യാര്‍ത്ഥിയെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. തുടര്‍ന്ന് ഒരു മണിക്കൂറോളം ഇയാളെ സ്‌റ്റേഷനില്‍ ഇരുത്തിയശേഷം പോലീസ് വിട്ടയക്കുകയായിരുന്നു.

എന്തിനാണു കസ്റ്റഡിയിലെടുത്തതെന്ന ചോദ്യത്തിന് പോലീസ് യാതൊരു മറുപടിയും തന്നില്ലെന്ന് വിദ്യാര്‍ത്ഥി പത്രസമ്മേളനത്തില്‍ പറയുന്നു.

ചേരിനിവാസികളെയും പുറമ്പോക്കിലുള്ളവരെയും പിടികൂടി മാനസികമായി പീഡിപ്പിക്കുന്ന പോലീസ് രീതിയുടെ ഭാഗമാണ് സുനിയ്‌ക്കെതിരെ നടന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.പി. സത്യന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പോലീസിലെ വംശീയതയും ഇതില്‍ നിന്ന് വ്യക്തമാകുന്നു. മുടി നീട്ടി വളര്‍ത്തി, കറുത്ത നിറത്തിലുള്ളവരെയും മറ്റും അകാരണമായി പിടികൂടി പീഡിപ്പിക്കുന്ന രീതി തുടരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍, കോളജ് ലൈബ്രറികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും മറ്റും ഒളിഞ്ഞുനോക്കി ആസ്വദിക്കുന്ന പോലീസിന്റെ ലൈംഗിക വത്കരണമാണ് ഇപ്പോള്‍ കാണാനാവുന്നത്. തമ്പാനൂര്‍ പോലീസ് പൂവാലന്‍ പോലീസ് ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.