ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിന്റെ ക്രൂരത; സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിട്ടു
Kerala
ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിന്റെ ക്രൂരത; സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th June 2017, 3:25 pm

തൃശൂര്‍: ചാലക്കുടി പൊലീസ് അന്യായമായി തങ്ങളില്‍ നിന്ന് പിഴയീടാക്കിയത് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനോട് പൊലീസിന്റെ ക്രൂരത. ശ്രീകുമാര്‍ എന്ന യുവാവിനെ സിവില്‍ ഡ്രസ്സിലെത്തിയ രണ്ട് പൊലീസുകാര്‍ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുകയുമായിരുന്നു. ഇതിന്റെ വീഡോയോ പൊലീസ് വാഹനത്തിലിരുന്ന ഒരാള്‍ പകര്‍ത്തുകയും അത് ഫേസ്ബുക്കിലിടുകയുമായിരുന്നു.

സിവില്‍ ഡ്രസിലെത്തിയ ഒരു പൊലീസുകാരന്‍ ശ്രീകുമാറിന്റെ കോളറില്‍ പിടിച്ച് നിന്റെ പേരെന്താടാ എന്ന് ചോദിക്കുന്നു. ശ്രീകുമാര്‍ എന്ന് മറുപടി പറയുമ്പോള്‍ വീട് എവിടെയാണെന്ന് ചോദിക്കുന്നു. പയ്യന്നൂര് എന്ന് പറയുമ്പോള്‍ നിനക്കെന്താ ഫേസ്ബുക്കില്‍, നിനക്ക് ഫേസ്ബുക്കില്‍ ഇടണോടാ ഇത് എന്ന് പൊലീസ് വണ്ടിയിലിരുന്ന് ഒരാള്‍ ചോദിക്കുന്നു. അവനെ നടത്തിക്ക് എന്ന് വണ്ടിയിലിരുന്ന് പൊലീസുകാരന്‍ പറയുമ്പോള്‍ സിവില്‍ഡ്രസിലുള്ള ഉദ്യോഗസ്ഥര്‍ ശ്രീകുമാറിന്റെ കോളറിന് പിടിച്ച് നടത്തിക്കുന്നു.

ചാലക്കുടി പോലുള്ള നല്ല തിരക്കുള്ള ഒരു ടൗണില്‍വെച്ച് ഭീകരവാദികളെ വലിച്ചിഴച്ച് കൊണ്ട് ജീപ്പില്‍ കയറ്റുന്നത് പോലെ പിന്നീട് ഇയാളെ വലിച്ചിഴച്ച് ജീപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു. ജീപ്പിന്റെ മുന്നിലുന്ന ഉദ്യോഗസ്ഥന്‍ ഇതെല്ലാം ലൈവായി ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു.

വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും അല്ലാതെ
കാക്കിയുടെ ബലത്തില്‍ പാവപ്പെട്ടവന്റെ ദേഹത്ത് കുതിര കേറാന്‍നോക്കണ്ടെന്നുമാണ് ചിലര്‍ പ്രതികരിക്കുന്നത്.


Dont Miss പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ് 


കഴിഞ്ഞ ദിവസമായിരുന്നു ചാലക്കുടി പൊലീസ് അന്യായമായി തങ്ങളില്‍ നിന്ന് പിഴയീടാക്കിയെന്ന ആരോപണവുമായി ശ്രീകുട്ടന്‍ എന്ന യുവാവ് രംഗത്തെത്തിയത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഇരുന്നതിന് തങ്ങളില്‍ നിന്ന് 300 രൂപ പിഴ ഈടാക്കിയെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവ് പറഞ്ഞത്. ലൈവ് വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

ഫേസ്ബുക്കില്‍ “ശ്രീക്കുട്ടന്‍ ചക്കര” എന്ന പേരിലുള്ള പ്രൊഫൈലിനുടമയായ യുവാവ് പിഴയിട്ടതിന്റെ റസീറ്റ് ഉയര്‍ത്തിക്കാണിച്ചാണ് ലൈവായി പ്രതിഷേധിച്ചത്. പിഴ ഈടാക്കിയ പൊലീസുകാരുടെ ജീപ്പിന് സമീപത്ത് നിന്നായിരുന്നു ലൈവ് വീഡിയോ എടുത്തത്.

183-ആം വകുപ്പ് പ്രകാരമാണ് തങ്ങളില്‍ നിന്ന് പിഴ ഈടാക്കിയതെന്നും ഇതെന്താണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീക്കുട്ടന്‍ പറഞ്ഞിരുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ ഓട്ടോറിക്ഷ ഓടിച്ചാല്‍ കിട്ടുന്ന 300 രൂപയാണ് പിഴയായി വാങ്ങിയതെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ കുടുംബ സമേതം ഇരിക്കുന്നതിനിടെയാണ് പൊലീസ് പിഴയീടാക്കിയത്. എല്ലാ കാര്യങ്ങള്‍ക്കും പൊലീസ് സ്റ്റേഷനിലേക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നവരാണ് തങ്ങള്‍. പിഴ അടച്ച തനിക്ക് അത് എന്തിനാണെന്ന് ചോദിക്കാന്‍ അവകാശമുണ്ട് എന്ന് പറഞ്ഞ ശ്രീക്കുട്ടന്‍ എന്തിനാണ് തങ്ങളില്‍ നിന്ന് പിഴ ഈടാക്കിയത് എന്ന് പൊലീസുകാരനോട് ചോദിക്കുന്നതും ലൈവില്‍ കാണാം.

എന്നാല്‍ യുവാവിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ട് കളിക്കുകയും വിരട്ടുകയും ചെയ്യുകയാണ് പൊലീസുകാരന്‍ ചെയ്തത്. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മുന്‍സീറ്റില്‍ ആളെ ഇരുത്തി ഓടിച്ചതിനാണ് പിഴ എന്ന് പൊലീസുകാരന്‍ വിശദീകരിക്കുന്നു.

തങ്ങള്‍ ഓട്ടോറിക്ഷ ഓടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന യുവാവ് പൊലീസ് ചെയ്തത് “പക്കാ തെണ്ടിത്തര”മാണെന്നും വിളിച്ച് പറഞ്ഞിരുന്നു.