സന്നിധാനം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ
നിലനില്‍ക്കുന്നതിനാലാണ് നടപടിയെന്നാണ് പൊലീസ് പറഞ്ഞു.
പ്രതിഷേധിച്ച മുഴുവന്‍ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റുന്നത്. നേരത്തെ പ്രതിഷേധിച്ചവരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് പറഞ്ഞിരുന്നു.
ഒന്നരമണിക്കൂര്‍ സമയം പ്രതിഷേധക്കാരോട് സംസാരിച്ച ശേഷമാണ് അറസ്റ്റ് എന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഹരിവരാസനം പാടിയ ശേഷം പിരിയാം എന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്. എന്നാല്‍ ഹരിവരാസനത്തിന് ശേഷം ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആളുകളെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ ചിലരെ മാത്രം അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മാളികപുറം ക്ഷേത്രത്തിന് സമീപം എത്തിയ പ്രതിഷേധക്കാര്‍ കൂടിയാലോചിച്ച് ശേഷം അറസ്റ്റ് വരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ പൊലീസ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് നടപ്പന്തലില്‍ നൂറ് കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
വലിയ നടപ്പന്തലില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. അവിടെയും വിരി വെക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. മോശമായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാനില്ലെന്നായിരുന്നു ഇവര്‍ക്ക് പൊലീസിന്റെ മറുപടി. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോവാന്‍ പൊലീസ് ആവശ്യപ്പെട്ടു. മാളികപ്പുറത്ത് നാലോ അഞ്ചോ പേര്‍ തുടങ്ങി വച്ച പ്രതിഷേധം വളരെ പെട്ടെന്ന് തന്നെ ആളുകള്‍ കൂടുകയായിരുന്നു.
DoolNews Video