കോഴിക്കോട്: സംസ്ഥാനം നിപ ഭീതിയില്‍ കഴിയവെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയ അഞ്ചുപേരെ പൊലീസ് അറസറ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശികളാണ് അറസ്റ്റിലായത്.
ഫറോക്ക് സ്വദേശികളായ ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ്, നിമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിപ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നേരത്തെ നിപ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിനെയാണ് പൊലീസ് പിടികൂടിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
നിപ വൈറസ് പകരുന്നത് കോഴിയിറച്ചിയിലൂടെയാണെന്നായിരുന്നു പ്രചരണം. ആരോഗ്യവകുപ്പിന്റെ സീല്‍ അടക്കം വ്യാജമായി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാട്‌സാപ്പിലാണ് വ്യാജ പ്രചരണം കൂടുതലായി നടന്നത്.നിപ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് നേരത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.