| Tuesday, 27th October 2020, 11:20 am

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പിക്കാര്‍; തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പൊലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബന്‍ദി സജ്ഞയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്.

സംഭവത്തിന് പിന്നാലെ സിദ്ദിഖ് പേട്ടില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പ്രദേശത്ത് ബി.ജെ.പി നേതാക്കള്‍ പ്രവേശിക്കരുതെന്നും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം അവഗണിച്ചുകൊണ്ട് സ്ഥലത്തെത്തുകയായിരുന്നു അധ്യക്ഷന്‍ ബന്‍ദി സജ്ഞ. തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം ഇയാളെ പൊലീസ് കരിംനഗറിലേക്ക് അയച്ചു. ഇതേ സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ ജി. വിവേക്, ജിതേന്ദര്‍ റെഡ്ഡി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ദുബ്ബാക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യയുടെ പിതാവായ രാംഗോപാല്‍ റാവുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും 18.65 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സിദ്ദിപ്പേട്ട് ടൗണിലെ ലെക്ചറേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു റെയ്ഡ്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാണ് പണം എത്തിച്ചെതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ പണവുമായി പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ശ്രമത്തോടെ പൊലീസ് തന്നെ പണമടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടുവയ്ക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. തൊട്ടടുത്ത വീട്ടില്‍ സൂക്ഷിച്ച ബാഗാണ് പൊലീസ് ഇവിടെ എത്തിച്ചതെന്നാണ് ബി.ജെ.പിക്കാര്‍ ആരോപിച്ചത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ കൈയില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊലീസില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുന്നത് കാണാം.

രഘുനന്ദന്‍ റാവുവിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 18.65 ലക്ഷം രൂപ പിടിച്ചെടുത്തെന്നും ഇതില്‍ 5.87 ലക്ഷം രൂപ ചില വ്യക്തികള്‍ തട്ടിപ്പറിച്ച് എടുത്തെന്നും പൊലീസ് കമ്മീഷണര്‍ ജോയല്‍ ഡേവിസ് ആരോപിച്ചു. കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിനെതിരെ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: police arrest BJP president Bandi Sanjay on High drama at Sidditpet

We use cookies to give you the best possible experience. Learn more