| Thursday, 3rd October 2024, 1:51 pm

സദ്ഗുരു ഇഷ ഫൗണ്ടേഷനില്‍ പൊലീസിനെയോ സൈന്യത്തെയോ പ്രവേശിപ്പിക്കാന്‍ കഴിയില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ നടപടി വേണ്ടെന്ന് സുപ്രീം കോടതി. അത്തരമൊരു സ്ഥാപനത്തില്‍ സൈന്യത്തേയോ പൊലീസിനെയോ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം നിര്‍ത്തിവെക്കാനും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി നിര്‍ത്തിവെക്കാനുള്ള തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇഷ ഫൗണ്ടേഷനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തത്.

പിന്നാലെ കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനോട് ഇഷ ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തന്റെ മക്കളെ ഫൗണ്ടേഷന്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ കാമരാജ് അവരെ സ്ഥാപനം ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത് വിലക്കിയതായും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇഷ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും കൂടാതെ വിവാഹവും സന്യാസവും ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നുമായിരുന്നു ഇഷ ഫൗണ്ടേഷന്‍ കോടതിയെ അറിയിച്ചത്.

അതേസമയം കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്‍ ഹാജരായ മക്കള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

Content Highlight: police, army cannot be admitted to isha foudation of sadguru; supreme court

Latest Stories

We use cookies to give you the best possible experience. Learn more