യു.എസ് സ്‌കൂളിലെ വെടിവെപ്പ്: അക്രമിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു
World
യു.എസ് സ്‌കൂളിലെ വെടിവെപ്പ്: അക്രമിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2012, 11:36 am

വാഷിങ്ടണ്‍: യുഎസിലെ കണക്ടിക്കട്ട് സ്‌റ്റേറ്റ് ന്യൂ ടൗണിലെ സാന്‍ഡി ഹുക്ക് പ്രാഥമിക സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ യുവാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.[]

20 കുട്ടികള്‍ അടക്കം 27 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ന്യൂജഴ്‌സി സ്വദേശി ആഡം ലന്‍സ (20) യെ വെടിയേറ്റു മരിച്ച നിലയില്‍ സ്‌കൂളില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തു.

ആഡമിന്റെ സഹോദരന്‍ റയാന്‍ ലന്‍സയാണ് വെടിവയ്പ് നടത്തിയതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പിന്നീട് അക്രമി ആഡം ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്‌കൂളിലെ അധ്യാപികയായ ഇവരുടെ അമ്മയും പ്രിന്‍സിപ്പലും സ്‌കൂളിലെ സൈക്കോളജിസ്റ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇയാള്‍ക്കു മാനസികപ്രശ്‌നം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഡമിന്റെ കാമുകിയും മറ്റൊരു സുഹൃത്തും ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ആഡം ലന്‍സയുടെ പക്കല്‍ നിന്ന് നാല് തോക്കുകള്‍ കണ്ടെടുത്തു. ഇയാള്‍ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും മുഖംമൂടിയും ധരിച്ചിരുന്നു.

വിദ്യാലയത്തില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 28 പേരാണ് മരിച്ചത്. ഇന്ത്യന്‍ സമയം, രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

അക്രമി ആദ്യം തന്നെ വെടിവെച്ചത് ടീച്ചര്‍ കൂടിയായ തന്റെ അമ്മയാണ്. രണ്ട് പിസ്റ്റളുകള്‍ ഉപയോഗിച്ചാണ് സ്‌കൂളിനകത്ത് അക്രമം നടത്തിയത്.