കോഴിക്കോട്: കൊയിലാണ്ടിയില്‍ പോലീസും ഡി.വൈ.എഫ്.ഐയും തമ്മില്‍ തെരുവ് യുദ്ധം. സംഘര്‍ഷത്തിനിടെ നാലു തവണ ബോംബേറുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഒരു കെ.എസ്.ആര്‍.ടി.സി ബസ് അക്രമികള്‍ കത്തിച്ചു. മറ്റൊരു സര്‍ക്കാര്‍ വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്.
സംശയത്തിന്റെ പേരില്‍ ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനുശേഷം അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് പോയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ എം.എല്‍.എ ടി. ദാസനും മുന്‍ എം.എല്‍.എ പി. വിശ്വനും അടക്കം നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇതില്‍ പ്രകോപിതരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കൊയിലാണ്ടി ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളില്‍ അക്രമം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊയിലാണ്ടി ടൗണ്‍ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് അറിയുന്നത്.