പൊലീസിന്റെ കൃത്യവിലോപത്തെപ്പറ്റി പറഞ്ഞാല്‍ മാവോയിസ്റ്റാകുമോ? കേരളത്തിലെ പൊലീസിന്റെ കാര്യമാണെങ്കില്‍ അതെ എന്നാണ് ഒരു വിഭാഗത്തിന് നല്‍കാനുള്ള ഉത്തരം. ജനകീയ സമരങ്ങള്‍ക്ക് നേരെ ഉണ്ടാവുന്ന പൊലീസ് അതിക്രമങ്ങളെപ്പറ്റിയും കസ്റ്റഡി മരണങ്ങളെപ്പറ്റിയും ആളുകളോട് സംസാരിച്ചതിന് മാവോയിസ്റ്റ് മുദ്ര പതിച്ച് നല്‍കുകയാണ് കേരളാ പൊലീസ്. ഇത്
പറയുന്നത് ഒരുപറ്റം യുവതീയുവാക്കളാണ്. വാരപ്പുഴ കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടിലെത്തിയ ഒരുപറ്റം യുവതീയുവാക്കള്‍ക്കാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം പറയാനുണ്ടായ അനുഭവം കേരളാ പൊലീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
വര്‍ദ്ധിച്ച് വരുന്ന പൊലീസ് അതിക്രമങ്ങളില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും ആളുകളെ ബോധവല്‍ക്കരിക്കാനുമാണ് ഇവര്‍ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനങ്ങളുടെ തുടക്കമായി വാരപ്പുഴയില്‍ എത്തിയ ഇവരെ പൊലീസ് നേരിട്ടത് മാവോയിസ്റ്റുകള്‍ എന്ന് വിളിച്ചു കൊണ്ടാണ്. സംഘടനയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് അനുകൂല നേതാവ് രൂപേഷിന്റെ മകൾ ആമി ഉള്‍പ്പെട്ടതാണ് ഈ സംഘടനക്ക് മുഴുവന്‍ മാവോയിസ്റ്റ് പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നതിന് പൊലീസ് ന്യായീകരണം.
വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ അംഗവും, കണ്‍വീനറും ആയ ശ്രീകാന്ത് നടന്ന സംഭവങ്ങളെ പറ്റി പറയുന്നത് ഇങ്ങനെ
“എല്ലാ ജനകീയ സമരങ്ങളിലും പൊലീസ് അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും ഉണ്ടാവുന്നുണ്ട്. എതാണ്ട് 18ഓളം കസ്റ്റഡി മരണങ്ങളാണ് രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സംഭവിച്ചിട്ടുള്ളതായി മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ എന്ന പേരില്‍ ഒരു സംഘടന രൂപികരിച്ചത്.
ALSO READ: മുഖ്യമന്ത്രീ, കണക്കെടുക്കാന്‍ ഇനി സമയം കളയേണ്ട; ‘ആ കൊലപാതകങ്ങളുടെ’ കണക്കുകള്‍ ഞങ്ങള്‍ തരാം
ഇതിന് വേണ്ടി നവ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി. സംഘടനയില്‍ പല ജില്ലകളിലുള്ള വിവിധ ജോലികള്‍ ചെയ്യുന്നവര്‍ അംഗങ്ങളാണ്. കസ്റ്റഡി മരണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ വീടുകള്‍ തോറും കയറി ഇറങ്ങി ബോധവല്‍ ക്കരണം നടത്തുക എന്നതായിരുന്നു ആദ്യ പ്രവര്‍ത്തനമായി ചെയ്യാന്‍ ഉദ്ദേശിച്ചത്.
ഇതിന് വേണ്ടിയാണ് വാരപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലെത്തുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തത്. തുടര്‍ന്ന പ്രദേശത്തുള്ള വീടുകള്‍ കയറിയിറങ്ങുകയും ആളുകളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വാഹനത്തില്‍ കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ഞങ്ങള്‍ കയറിയ വീടുകളില്‍ കൗണ്ടര്‍ ക്യാമ്പൈന്‍ നടത്തുകയുമായിരുന്നു.
നാട്ടുകാര്‍ക്ക് ഒന്നുമില്ലാത്ത പ്രശ്‌നമായിരുന്നു പൊലീസിന് ഞങ്ങളുടെ ക്യാമ്പൈനിനോട്. പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ അടുത്ത് വരികയും പേരും നോട്ടീസും വാങ്ങുകയും ചെയ്തു. പിറ്റേന്നത്തെ പത്രത്തിലാണ് മാവോയിസ്റ്റ് നേതാവ് ആമിയുടെ നേതൃത്വത്തില്‍ കലാപത്തിന് ആഹ്വാനം എന്ന രീതിയില്‍ പത്രവാര്‍ത്ത കണ്ടത്. ഞങ്ങളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തതായും പത്രത്തിലൂടെയാണ് അറിയുന്നത്.”
ഇങ്ങനെയാണ് പൊലീസ് എതിര്‍ സ്വരങ്ങളെ നേരിടുന്നത്. തങ്ങള്‍ക്കെതിരെ, തങ്ങള്‍ നടത്തിയ കൊലപാതകങ്ങളെപ്പറ്റി സംസാരിക്കുന്നവര്‍ എല്ലാം മാവോയിസ്റ്റുകളാവുന്നു. തനിക്കെതിരെ സംസാരിക്കുന്നവരെല്ലാം ദേശവിരുദ്ധര്‍ ആണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അവകാശപ്പെടുന്ന പോലെ. ഈ യുവാക്കള്‍ക്ക് നേരെ ചുമത്തിയിരിക്കുന്നതാവട്ടെ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനുള്ള 147 മുതല്‍ 153 വരെയുള്ള വകുപ്പുകളും.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതല്ലാതെ പൊലീസ് ഇതുവരെ ഇവരെയാരേയും വിളിച്ച് വരുത്തുകയോ, കേസിനെപ്പറ്റി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീകാന്ത് പറയുന്നു. വക്കീല്‍ മുഖാന്തരം സംഭവത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്ന് അറിയാന്‍ സാധിച്ചു എന്നും ശ്രീകാന്ത് പറയുന്നു.
“പൊലീസ് കൃത്യമായ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ആര്‍.എസ്.എസുകാരനെ കൂട്ടുപിടിച്ച് പൊലീസ് ഉണ്ടാക്കിയിരിക്കുന്ന പരാതി. ജനങ്ങള്‍ക്ക് ഇല്ലാത്ത പ്രതിഷേധം ഒരു ആര്‍.എസ്.എസുകാരനെ മുന്‍ നിര്‍ത്തി കൊണ്ട് പൊലീസ് സൃഷ്ടിക്കുകയാണ്. അതാണ് ഈ പരാതിയിലൂടെ വ്യക്തമാവുന്നത്”
എന്നാല്‍ ഈ ആരോപണങ്ങള്‍ക്കിടയിലും, പൊലീസിന്റെ കേസ് ഭീഷണിക്കിടയിലും വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ പ്രവര്‍ത്തനം അവസാനിച്ചിട്ടില്ല. കേസ് വന്നാലും ക്യാമ്പൈന്‍ അവസാനിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറയുന്നു. വരാപ്പുഴയിലും വടയമ്പാടിയിലും ക്യാമ്പൈന്‍ നടത്തി കഴിഞ്ഞു. ജനകീയ സമരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും കസ്റ്റഡി മരണങ്ങള്‍ ഉണ്ടായ സ്ഥലങ്ങളിലും ക്യാമ്പൈന്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണങ്ങളാണ് എല്ലായിടത്തും ഉണ്ടാവുന്നതെന്നും ശ്രീകാന്ത് പറയുന്നു.