ബിഷപ്പിന് അനുകൂലമായി മൊഴിമാറ്റാന്‍ മൂന്ന് കന്യാസ്ത്രീകള്‍ക്ക് ജലന്ധര്‍ രൂപത കോച്ചിങ് നല്‍കിയെന്ന് പൊലീസ്
Kerala News
ബിഷപ്പിന് അനുകൂലമായി മൊഴിമാറ്റാന്‍ മൂന്ന് കന്യാസ്ത്രീകള്‍ക്ക് ജലന്ധര്‍ രൂപത കോച്ചിങ് നല്‍കിയെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 9:46 am

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ്. ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് ജലന്ധര്‍ രൂപതയുടെ നേതൃത്വത്തില്‍ കോച്ചിങ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ജലന്ധര്‍ രൂപത പി.ആര്‍.ഒയായ ഫാദര്‍ പീറ്റര്‍ കാവുംപുറമാണ് കന്യാസ്ത്രീകള്‍ക്ക് കോച്ചിങ് നല്‍കിയത്. ഇതിനായി അദ്ദേഹം കൊച്ചിയില്‍ മുറിയെടുത്തു താമസിച്ചെന്നും പൊലീസ് പറയുന്നു.

ബിഷപ്പിന് അനുകൂലമായി മൊഴി പഠിപ്പിക്കുകയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് കോച്ചിങ് നല്‍കിയത്. ഫാ. പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് കന്യാസ്ത്രീകളെ ഇവിടെ വിളിച്ചുവരുത്തിയാണ് മൊഴി പഠിപ്പിച്ചത്. ഫാ. പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

അതിനിടെ, നീതിയാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനോടു തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാനാണ് വത്തിക്കാന്‍ ആവശ്യപ്പെടുക.

Also Read:ജെ.എന്‍.യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു; എ.ബി.വി.പി ഗുണ്ടായിസം

കന്യാസ്ത്രീ പീഡന കേസുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ലാറ്റിന്‍ കാത്തലിക് മെത്രാന്‍ സമിതി വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നാണ് വത്തിക്കാനെ അറിയിച്ചിട്ടുള്ളത്.

എറണാകുളത്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാത്രീകള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന സംഭവവും വത്തിക്കാനെ സമിതി അറിയിച്ചിട്ടുണ്ട്.

നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വത്തിക്കാന്‍ വിഷയത്തില്‍ ഇടപെടുന്നത്.