|

സംഭലിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്; ഷാഹി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: സംഭലില്‍ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഹി ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തതായി സംഭാല്‍ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

നവംബര്‍ 24ന് ഉണ്ടായ അക്രമത്തില്‍ ഇദ്ദേഹം കലാപകാരിയായി പ്രവര്‍ത്തിച്ചതിന് തെളിവുകളുണ്ടെന്നും അതിനാല്‍ വീട്ടില് നിന്നും പിടികൂടുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്വാലി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഭാരതീയ ന്യായ സംഹിതയിലെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

താന്‍ ഒരു അക്രമത്തിനും പ്രേരിപ്പിച്ചിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും സഫര്‍ അലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തെ മനപൂര്‍വം ജയിലിലേക്ക് അയക്കുകയാണെന്ന് സഹോദരന്‍ പറഞ്ഞു.

2024 നവംബര്‍ 19ന് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹരജിയെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

ഹരജിക്ക് പിന്നാലെ നവംബര്‍ 24ന് മുഗള്‍ കാലഘട്ടത്തിലെ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനക്കിടെ കല്ലേറുണ്ടാവുകയും നാല് പേര്‍ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കലാപത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും , സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കെട്ടിടങ്ങള്‍ക്കും പൊലീസിനും നേരെ കല്ലേറുണ്ടായി. അന്വേഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 86 പേരെ സംഭാല്‍ പൊലീസ് തിരയുന്നുണ്ട്. ഇതുവരെ 21 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പാരിAMBHALതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള റെയ്ഡുകളും നടക്കുന്നുണ്ട്.

Content Highlight: Police allege conspiracy in Sambhal violence; Shahi Masjid Committee president arrested

Latest Stories