| Wednesday, 25th November 2020, 10:18 pm

വൈകുന്നേരത്തെ തണുപ്പിലും മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയുമായി പൊലീസിന്റെ ക്രൂരത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ‘ദില്ലി ചലോ’മാര്‍ച്ച് തടയാന്‍ സര്‍വ്വ സന്നാഹങ്ങളുമായി പൊലീസ്. ജലപീരങ്കിയും ബാരിക്കേഡും തീര്‍ത്താണ് മാര്‍ച്ചിന് പൊലീസ് പ്രതിരോധം തീര്‍ത്തത്.

അതേസമയം അംബാലയിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് കുരുക്ഷേത്രയിലേക്ക് എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു. തുടര്‍ന്ന് ദേശീയ പാതയിലേക്ക് എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് തീര്‍ത്ത പ്രതിരോധം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ഡിസംബറിലെ തണുപ്പിനെപോലും വകവെയ്ക്കാതെ നിരവധിപേരാണ് പ്രതിഷേധമാര്‍ച്ചിനായി മുന്നോട്ടുവന്നത്. ഇപ്പോള്‍ കുരുക്ഷേത്രത്തിലെത്തിയ സംഘം കര്‍ണാലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

മറ്റൊരു വിഭാഗം കര്‍ഷകര്‍ സോണിപട്ടിലേക്ക് മാര്‍ച്ച് ചെയ്ത് വരുന്നുണ്ട്. അവിടെ രാത്രി തങ്ങിയ ശേഷം നാളെ പുലര്‍ച്ചെയോടെ ദല്‍ഹിയിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കര്‍ഷക സമരത്തെ നേരിടാന്‍ കനത്ത സുരക്ഷ സംവിധാനമാണ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഗുരുഗ്രാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദല്‍ഹി പൊലീസും ഈ പ്രദേശത്ത് കാവലുണ്ട്. കര്‍ഷകരെ ദല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ദല്‍ഹി പൊലീസ് വിഭാഗവും.

നേരത്തെ പ്രക്ഷോഭം നടക്കാനിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്ക

ളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തിരുന്നു.

നവംബര്‍ 26, 27 തിയ്യതികളിലാണ് ‘ദില്ലി ചലോ’ പ്രക്ഷോഭം യൂണിയനുകള്‍ ആഹ്വാനം ചെയ്തത്. അറസ്റ്റുകളെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ കര്‍ഷക കൂട്ടായ്മകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

നവംബര്‍ 24 ന് പുലര്‍ച്ചെ സംസ്ഥാനത്തൊട്ടാകെയുള്ള റെയ്ഡുകളില്‍ 31 കര്‍ഷക നേതാക്കളെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരവും അച്ചടക്കമുള്ളതുമായ പ്രകടനമാണ് കര്‍ഷകര്‍ നടത്താനിരുന്നതെന്നും എന്നാല്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഭീകരത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള അഞ്ഞൂറിലധികം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍കൈയില്‍ ദ്വിദിന പ്രതിഷേധം ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നവംബര്‍ 26 ന് രാവിലെ അഞ്ച് പോയിന്റുകളില്‍ ഒത്തുകൂടി ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ദില്ലി ചലോ പ്രക്ഷോഭം പ്രഖ്യാപിക്കപ്പെട്ടതുപോലെ തന്നെ നടക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Police Aganist Farmers Protest

We use cookies to give you the best possible experience. Learn more