| Monday, 24th December 2018, 10:14 am

ചന്ദ്രാനന്ദന്‍ റോഡില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം; ന്യൂസ്18 ക്യാമറാമാന്റെ കയ്യൊടിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: ചന്ദ്രാനന്ദന്‍ റോഡില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം. യുവതികള്‍ തിരിച്ചിറങ്ങുന്നത് ഷൂട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ഷീല്‍ഡ് വെച്ച് തള്ളുകയായിരുന്നു.

സംഭവത്തില്‍ ന്യൂസ്18 ക്യാമറാമാന്റെ കയ്യൊടിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. മറ്റു ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തിരിച്ച് ശബരിമലയിലേക്ക് കൊണ്ടുവരുമെന്ന പൊലീസിന്റെ ഉറപ്പ് വിശ്വസിച്ചാണ് മലയിറങ്ങാന്‍ തയ്യാറായതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് തങ്ങള്‍ തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുന്നത്. സ്ഥിതിമാറുന്ന സമയത്ത് തങ്ങളെ തിരിച്ച് ശബരിമലയില്‍ എത്തിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.


തിരിച്ചുകൊണ്ടുവരുമെന്ന് പൊലീസ് ഉറപ്പുനല്‍കിയെന്നും അതുകൊണ്ടാണ് പോകുന്നതെന്നാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്.

ഇന്നു രാവിലെ സന്നിധാനത്തെത്തിയ കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുകയാണ്. ചന്ദ്രാനന്ദന്‍ റോഡിലെത്തിയ യുവതികള്‍ക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം രംഗത്തുവരികയായിരുന്നു. ഇതോടെ യുവതികളെ തിരിച്ചിറക്കാമെന്ന തീരുമാനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്ന നിലപാടാണ് യുവതികള്‍ സ്വീകരിച്ചത്. ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ക്ക് പ്രഥമശ്രുശ്രൂഷ നല്‍കി.


ഈ സാഹചര്യത്തില്‍ തങ്ങളെ തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ടെങ്കിലെ ഇപ്പോള്‍ മലയിറങ്ങൂവെന്ന് യുവതികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയതോടെ യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more