| Thursday, 17th March 2022, 9:47 am

കൊവിഡ് സമയത്തെ യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്; മാപ്പ് ചോദിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊവിഡ് സമയത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ ആളുകളെ ഏത്തമിടീച്ച യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നടപടി തെറ്റാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.

അന്നത്തെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി കൂടിയായ യതീഷ് ചന്ദ്രയുടെ നടപടി പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് പൊലീസിന്റെ വീഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ തുറന്നുസമ്മതിച്ചത്.

കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തിലായിരുന്നെങ്കിലും നടപടി തെറ്റായിപ്പോയെന്നും വീഴ്ച പൊറുക്കണമെന്നും റിപ്പോര്‍ട്ടില്‍ ഡി.ഐ.ജി അഭ്യര്‍ഥിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടിയാണ് ഡി.ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, 2020 മാര്‍ച്ച് 22ന് വളപട്ടണത്തെ ഒരു തയ്യല്‍ക്കടയ്ക്ക് സമീപം നിന്ന മൂന്ന് പേരെ കൂട്ടംകൂടി നിന്നതിന് അന്നത്തെ ജില്ലാ പൊലീസ് മേധാവിയായ യതീഷ് ചന്ദ്ര ഏത്തമിടീച്ചിരുന്നു.

ഇത് സംബന്ധിച്ച് വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്നും നിയമലംഘകര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് രാജ്യത്തെ കോടതികളാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിലും പൊലീസിന്റെ സേവനം അഭിനന്ദനാര്‍ഹമായിരുന്നെന്നും എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വന്തം രീതിയില്‍ ശിക്ഷ നടപ്പാക്കുന്നതും അവരെ ആക്രമിക്കുന്നതും അനുവദിക്കില്ലെന്നും ബൈജുനാഥ് പറഞ്ഞു.


Content Highlight: Police admits Yatheesh Chandra IPS’s punishment during covid lockdown, in Kannur, was wrong, seek apology to Human Rights Commission

Latest Stories

We use cookies to give you the best possible experience. Learn more