അമ്പലക്കര: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചെന്നാരോപിച്ച് യുവാവിനെ തെരുവില്‍ വലിച്ചിഴച്ച് പൊലീസ്. അമ്പലക്കര സ്വദേശി അസ്‌ലമിനെയും സുഹൃത്തിനെയുമാണ് ഫ്‌ളയിംഗ് സ്വാഡ് ജി.പി.ഓ ജംഗ്ഷനില്‍ വച്ച് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയത്.
അസ്‌ലമിനെ ബലമായി പിടിച്ച് കൊണ്ടുപോവുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഏഴോളം പൊലീസുകാരാണ് അസ്‌ലമിനെ കൊണ്ടുപോവാനായി എത്തിയത്. നാലോളം പൊലീസുകാര്‍ ചേര്‍ന്ന് ഷര്‍ട്ടിന്റെ കോളറിലും ദേഹത്തുമായി പിടിച്ചു വലിച്ചാണ് അസ്‌ലമിനെ ജീപ്പിലേക്ക് കയറ്റിയത്.
ഇതാണ് പിണറായിപ്പോലീസ്. ഇനി അല്ല എന്ന നിലപാടുണ്ടെങ്കില്‍ ഇതിന് ഒരു വിശദീകരണം കൂടി ആയിക്കോട്ടെ.
Posted by Kv madhu on Friday, 16 March 2018
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചതിനാല്‍ പൊലീസ് ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റിയതിനെക്കുറിച്ച് ചോദിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
പിഴയടക്കാന്‍ പറഞ്ഞപ്പോള്‍ കയ്യില്‍ കാശില്ലെന്നും റസീറ്റ് നല്‍കിയാല്‍ പിന്നീട് അടച്ചോളാമെന്നും പറഞ്ഞെങ്കിലും സ്റ്റേഷനില്‍ വരണമെന്ന് കന്റോണ്‍മെന്റ് എസ്.ഐ നിര്‍ബന്ധം പിടിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അസ്‌ലമിന് വേണ്ടി സംസാരിച്ച നാട്ടുകാരെ പൊലീസ് വിരട്ടി ഓടിക്കുകയും ചെയ്തു.
“ഞാന്‍ പിഴ അടച്ച് പൊയ്‌ക്കോളാം, എന്റെ ജീവിതത്തില്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. മൊബൈല്‍ ഉപയോഗിച്ചെന്ന പെറ്റികേസിനാണ് ഇത് ചെയ്യുന്നത്.” എന്ന് അസ്‌ലം നാട്ടുകാരോട് വിളിച്ചു പറയുന്നത് വീഡിയോയില്‍ കാണാം.
അസ്‌ലമിന് സഹായമായി നാട്ടുകാരും സുഹൃത്തുക്കളും പണം പിരിച്ച് അവിടെ നിന്ന് തന്നെ പിഴയടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സ്റ്റേഷനില്‍ പോകണമെന്ന് പൊലീസ് വാശി പിടിക്കുകയായിരുന്നു. എന്തിനാണ് അസ്‌ലമിനെ കൊണ്ടു പോവുന്നത്, അവന്‍ കൊലക്കുറ്റമൊന്നുമല്ലല്ലോ ചെയ്തത്, പെറ്റി ഞങ്ങള്‍ അടയ്ക്കാം എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല.