| Wednesday, 24th April 2019, 4:00 pm

തൊവരിമലയില്‍ നടന്നത് മുത്തങ്ങയ്ക്ക് സമാനമായ പൊലീസ് ക്രൂരത; ചിതറിയോടിയ ആദിവാസികള്‍ ഇപ്പോള്‍ കാടുകളിലും വയലുകളിലുമായി ഒറ്റപ്പെട്ട അവസ്ഥയില്‍

ഷഫീഖ് താമരശ്ശേരി

കല്‍പറ്റ: വയനാട് തൊവരിമലയില്‍ പൊലീസ് നടപടിക്കിടെ ഓടി രക്ഷപ്പെട്ട ആദിവാസികള്‍ ഭക്ഷണം പോലും കിട്ടാതെ ഒറ്റപ്പെട്ട അവസ്ഥയില്‍. അതിരാവിലെ സര്‍വ്വ സന്നാഹങ്ങളുമായി സമരസ്ഥലത്തേക്ക് ഇരച്ചുകയറിയ പൊലീസ് ആദിവാസികളെ പ്രഭാതകൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെ വിരട്ടിയോടിക്കുകയാണുണ്ടായത്. ചിതറിയോടിയ ആദിവാസികള്‍ തൊവരിമലയുടെ താഴ്‌വാരങ്ങളിലെ വയലുകളിലും കാടുകളിലും ഒറ്റപ്പെട്ട് കിടക്കുകയാണ്. പല കുടുംബങ്ങളും പല ഭാഗത്തായി ഒറ്റപ്പെട്ടിരിക്കുകയാണ്.

കുട്ടികള്‍ക്ക് നേരെ പോലും പൊലീസ് അതിക്രമമുണ്ടായിട്ടുണ്ട്. മാടക്കര കുളിപ്പുര പണിയ കോളനിയിലെ ചുണ്ടന്‍ എന്നയാളുടെ മകള്‍ അമ്മിണി, ശാന്തയുടെ മകള്‍ ആതിര എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടു പോയിട്ടുണ്ട്. ഇവരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല

രാവിലെ പൊലീസ് മാധ്യമങ്ങളെ പോലും പ്രവേശിപ്പിക്കാതെയാണ് ആദിവാസികള്‍ക്ക് നേരെ ബലം പ്രയോഗിച്ചത്. പൊലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ട ചില ആദിവാസികളെ കണ്ടുമുട്ടിയത് കൊണ്ട് മാത്രമാണ് ഈ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്.

സമരം ചെയ്തവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം പൊലീസ് പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത് 90 ശതമാനവും ആദിവാസികളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചവരടക്കം നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്കെതിരെയാണ് പൊലീസ് ബലംപ്രയോഗിച്ചിരിക്കുന്നത്.

ഭൂമി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കല്‍പറ്റ കലക്ടറേറ്റിന് മുന്നില്‍ പുതിയ സമരം ആരംഭിക്കുമെന്നും ആദിവാസികള്‍ അറിയിച്ചിട്ടുണ്ട്.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

ചിത്രങ്ങള്‍: ഷഫീഖ് താമരശ്ശേരി

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more