national news
വാളും ഹോക്കി സ്റ്റിക്കുമായി പള്ളിയില്‍ അതിക്രമിച്ചുകയറി നിസ്‌കരിക്കുവന്നവര്‍ക്ക് നേരെ അക്രമം; ഹരിയാനയില്‍ 10 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 11, 03:24 am
Tuesday, 11th April 2023, 8:54 am

ചണ്ഡീഗഡ്: ഹരിയാനയില്‍ മുസ്‌ലിം പള്ളിയില്‍ കയറി നിസ്‌കരിക്കുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട കേസില്‍ പൊലീസ് നടപടി. സോനിപത് ജില്ലയിലെ സന്ധാല്‍ കലന്‍ ഗ്രാമത്തില്‍ മസ്ജിദില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുകയും നസികരിക്കുകയായിരുന്ന ആളുകളെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധാല്‍ കലന്‍ ഗ്രാമത്തിലെ ആളുകള്‍ തന്നെയാണ് പ്രതികളെന്നും ഇരുപത് വയസിന് മുകളിലുള്ളവരാണ് ഇവരെന്നും പൊലീസിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘പ്രകോപനമില്ലാതെയായിരുന്നു പ്രതികളുടെ അക്രമം. ഈ ഗ്രാമത്തില്‍ ഇതിന് മുമ്പ് ഇത്തരം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു സംഘം ആളുകള്‍ പള്ളിയില്‍ അതിക്രമിച്ച് കയറി, നമസ്‌കരിക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇത്തരം കേസുകളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കും,’ സോനിപത്ത് പോലീസ് കമ്മീഷണര്‍ ബി സതീഷ് ബാലന്‍ പ്രശ്‌ന ബാധിതപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഹോക്കി സ്റ്റിക്കുകളും വാളുകളുമായെത്തിയാണ് സംഘം അക്രമം നടത്തിയതെന്നും പരിക്കേറ്റവരില്‍ ഒരാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പ്രതികളെ തിങ്കളാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കി. മൂന്ന് പേരെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ബാക്കിയുള്ളവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.