| Tuesday, 22nd August 2023, 11:55 am

സുര്‍ജിത്ത് ഭവനിനെ വിടാതെ ദല്‍ഹി പൊലീസ്; പാര്‍ട്ടി ക്ലാസിനും വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി പഠനകേന്ദ്രമായ ദല്‍ഹിയിലെ സുര്‍ജിത്ത് ഭവനിനെതിരെ വീണ്ടും പൊലീസ് നടപടി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ടയിരുന്ന പാര്‍ട്ടി ക്ലാസ് നടത്തുന്നതിന് ദല്‍ഹി പൊലീസ് വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. നേരത്തെ അനുമതി വാങ്ങിക്കാതെ പരിപാടി നടത്താനൊരുങ്ങിയെന്നതാണ് പൊലീസ് വാദം.

കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ സുര്‍ജിത്ത് ഭവനിനില്‍ സി.പി.ഐ.എം സംഘടപ്പിക്കാനൊരുങ്ങിയ വി20 പരിപാടിക്കും വിലക്കേര്‍പ്പെടുത്തിരുന്നു. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പൊലീസ് അനുമതി വേണമെന്ന നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദല്‍ഹിയിലെ സുര്‍ജിത്ത് ഭവന്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്.

ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ പൊലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പരിപാടികള്‍ക്ക് ദല്‍ഹി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ ഇടപെടല്‍.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കഴിഞ്ഞ തവണത്തെ പൊലീസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞിരുന്നത്. ഇന്ത്യ ഒരു പൊലീസ് സ്റ്റേറ്റ് ആയി മാറികൊണ്ടിരിക്കുകയാണെന്നും ജനാധിപത്യവാദികള്‍ക്ക് ഒത്തുകൂടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Content Highlight: Police action again against Surjeet Bhawan in Delhi, which is the study center of CPI(M) Central Committee

Latest Stories

We use cookies to give you the best possible experience. Learn more