കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥകള്‍ നശിക്കുന്നതും ഏറ്റവും കൂടുതല്‍ ബാധിച്ച ജീവിവര്‍ഗമാണ് ആര്‍ട്ടിക്കിലെ ധ്രുവക്കരടികള്‍. ഭക്ഷണം കിട്ടാതായതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞുങ്ങളെയടക്കം കൊന്നുതിന്നേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് ധ്രുവക്കരടികള്‍.
വലുതും ചെറുതുമായ മഞ്ഞുപാളികളില്‍ നിന്നുകൊണ്ട് മത്സ്യങ്ങളെ പിടിച്ചു തിന്നാണ് സാധാരണ ധ്രുവക്കരടികള്‍ ജീവിക്കുന്നത്. ക്രമാതീതമായി ഉയര്‍ന്നുവരുന്ന ചൂടും മനുഷ്യരുടെ നിരന്തരമായ കടന്നുകയറ്റവും മൂലം ഈ മഞ്ഞുപാളികള്‍ അലിഞ്ഞില്ലാതാകുന്നു. ഇതോടെ ഇവക്ക് ഭക്ഷണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. മെലിഞ്ഞുണങ്ങി വേച്ചുവേച്ചു നടക്കുന്ന ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ കടുത്ത ഭക്ഷ്യക്ഷാമമാണ് ധ്രുവക്കരടികളെ സ്വന്തം ജീവിവര്‍ഗത്തെ തന്നെ ആക്രമിച്ചു കീഴ്‌പ്പെടുത്തി ഭക്ഷണമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ‘ധ്രുവക്കരടികള്‍ക്കിടയില്‍ പരസ്പരം കൊന്നുതിന്നുന്ന രീതിയുണ്ടെന്നുള്ളത് മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷെ അത്യപൂര്‍വ്വമായി മാത്രമേ അത്തരത്തില്‍ സംഭവിക്കാറുള്ളു. എന്നാല്‍ ഈയിടെയായി ഇത് വലിയ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.’ ധ്രുവക്കരടികളെക്കുറിച്ച് പഠനം നടത്തുന്ന ഇല്യ മോര്‍ഡിവിന്റ്‌സേവ് പറഞ്ഞു.
കടുത്ത ഭക്ഷ്യക്ഷാമം മൂലം ആണ്‍വര്‍ഗത്തില്‍ പെട്ട കരടികള്‍ കുഞ്ഞുങ്ങളെയും പെണ്‍ ധ്രുവക്കരടികളെയും ആക്രമിച്ചു കൊല്ലുകയാണിപ്പോള്‍. അമ്മക്കരടികളും കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്നുണ്ട്. ഭക്ഷണംകിട്ടാനുള്ള ബുദ്ധിമുട്ട് മൂലം മറ്റു കരടികളെപ്പോലെ ബാക്കിയാകുന്ന മാംസം എടുത്തുവെക്കുക കൂടി ചെയ്യുന്ന ശീലവും ഇവക്കിടയില്‍ കൂടിവരുന്നുണ്ട്.
ആര്‍ട്ടികിലെ എക്കാലത്തെയും ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റത്തിന് പുറമെ മനുഷ്യരുടെ ഇടപെടലും ഈ മേഖലയെ ഗുരുതരമായി ബാധിക്കുന്നു. ജൈവഇന്ധനം ശേഖരിക്കുന്നതിനായി കപ്പലുകള്‍ നിരന്തരം ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത് ഇവിടുത്തെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ്.